ആലപ്പുഴയില്‍ എം.എ ആരിഫ് ജയിച്ചിട്ടില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്ക് പോകും: കോണ്‍ഗ്രസ് ഏഴയലത്ത് എത്തില്ലെന്നും വെള്ളാപ്പള്ളി

0
214

തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വിജയിച്ചിരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് താന്‍ കാശിക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ നോമിനേഷന്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ തന്നെ ആരിഫ് വിജയിച്ചുകഴിഞ്ഞെന്നും ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതുപോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആ അയല്‍വക്കത്ത് പോലും വേണുഗോപാല്‍ എത്തില്ല. ഞാന്‍ ശരി പറയുമ്പോള്‍ നിങ്ങള്‍ എന്നെ ഇടതുപക്ഷം ആക്കുന്നു. ആരിഫ് ജയിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. അയാള്‍ ഒരു ജനകീയനാണ്. അയാള്‍ ജനങ്ങളുടെ ഇടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആളാണ്. മറ്റുള്ളവരൊക്കെ ഇടയ്ക്ക് വന്നുപോകുന്നവരാണ്.

ആരിഫിനെതിരെ അല്‍പ്പമെങ്കിലും വോട്ട് കിട്ടുക വേണുവിന് മാത്രമാണ്. പക്ഷേ ജയിക്കില്ല. ഓരോ കൊല്ലം കഴിയുന്തോറും കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും ആ ജില്ലയിലുള്ള പ്രാതിനിധ്യവും കുറഞ്ഞുവരികയാണ്. ഈഴവനെ വെട്ടിനിരത്തുക എന്നതാണ് അവരുടെ ജോലി തന്നെ. – വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും സ്വന്തമായി തീരുമാനം എടുക്കേണ്ടത് തുഷാര്‍ ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ സ്ഥാനം രാജിവെച്ച് മത്സരിക്കുന്നതാണ് അഭികാമ്യം എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ സ്്ഥാനം രാജിവെച്ച് ബി.ജെ.പി കൊണ്ടുവന്നിരിക്കുകയാണല്ലോയെന്നും ബി.ജെ.പിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ഇതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

അറിവുള്ളവരുടെ ഇടയില്‍ ശശി തരൂരിന് അംഗീകാരം ലഭിക്കുമെന്നും എന്നാല്‍ മിഡില്‍ക്ലാസിനിടയില്‍ അദ്ദേഹത്തിന് അംഗീകാരമില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആ മണ്ഡലത്തെ അദ്ദേഹം വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന പരാതിയുണ്ട്. ജനങ്ങളില്‍ നിന്ന് മാറി നിന്ന് പ്രവര്‍ത്തനം നടത്തിയ ആളാണ്. അത് മൈനസ് പോയിന്റ് തന്നെയാണ്.

തിരുവനന്തപുരത്ത് ജനപ്രീതി നേടിയത് കുമ്മനവും ദിവാകരനുമാണ്. ഇരുവരും സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രികോണമത്സരം തന്നെയാണ് അവിടെ നടക്കുക. തെരഞ്ഞെടുപ്പ് വിജയം പ്രവചിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here