കൊച്ചി(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ അവകാശവാദം. കാസര്‍കോട് യു.ഡി.എഫ് കണ്‍വീനറായ കമറുദ്ദീന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കാസര്‍കോട് പെരിയയിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ ഡീന്‍ കുര്യാക്കോസ് അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ ഹൈക്കോടതിയില്‍ ഹാജരായി. കേസില്‍ ഡീന്‍ കുര്യാക്കോസ് എന്തുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന് കോടതി ആരാഞ്ഞു. ഇന്നലെ ഒരുമണിക്ക് തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നെന്നുംഎന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടാത്തതെന്ന് അറിയില്ലെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ മറുപടി.
തുടര്‍ന്ന് കമറുദ്ദീന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വാദം നടന്നു. കാസര്‍കോട് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് കമറുദ്ദീന്‍ വ്യക്തമാക്കിയത്. കൊലപാതകം നടന്ന ദിവസം ശരത് ലാലിന്റെയും കൃപേഷിന്റെ മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്നു. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആശുപത്രിയിലും വീട്ടിലുമൊക്കെയായിരുന്നു. ഈ സമയത്തൊന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് മാധ്യമങ്ങളില്‍ വന്നപ്പോള്‍ എന്തുകൊണ്ട് ആ സമയത്ത് യു.ഡി.എഫ് ഇക്കാര്യം നിഷേധിച്ചില്ലയെന്ന് സര്‍ക്കാര്‍ മറുവാദം ഉന്നയിച്ചു. ഈ ഹര്‍ത്താലിന് പിതൃത്വമില്ലയെന്നാണോ യു.ഡി.എഫ് പറയുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.
ഇതിനു പിന്നാലെ ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ല ഹൈക്കോടതി പറഞ്ഞു. ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നുവെന്നതാണ് വിഷയം. പ്രകോപനമെന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.