മംഗളൂരു(www.mediavisionnews.in):നഗരത്തിൽ സുഗമമായ ഗതാഗതത്തിന് തടസ്സമാകുംവിധം വാഹനങ്ങൾ നിർത്തിയിട്ടാൽ വൻ പിഴയുൾപ്പെടെയുള്ള കർശന നടപടികളുമായി പോലീസ്. കഴിഞ്ഞയാഴ്ച പുതുതായി ചുമതലയേറ്റ സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നിർദേശപ്രകാരമാണ് നടപടി.
നഗരത്തിലെ പാർക്കിങ് നിരോധിത മേഖലകളിലും റോഡിലും നിർത്തിയിടുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ പ്രത്യേക വാഹനവും ഏർപ്പാടാക്കിയിട്ടുണ്ട്. ഉടമ പോലീസ് സ്റ്റേഷനിലെത്തി പിഴയടച്ചാലേ വാഹനം വിട്ടുകിട്ടൂ.
വലിയ വാഹനങ്ങൾക്ക് 1,600 രൂപ, ഇടത്തരം വാഹനങ്ങൾക്ക് 1,350 രൂപ, ചെറു വാഹനങ്ങൾക്ക് 1,100 രൂപ, ഇരുചക്ര വാഹനങ്ങൾക്ക് 750 രൂപ എന്നിങ്ങനെയാണു പിഴയീടാക്കുക. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ, എയർ ഹോണുകൾ ഉപയോഗിക്കൽ, ചില്ലുകളിൽ കൂളിങ് സ്റ്റിക്കർ ഒട്ടിക്കൽ, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേർ എന്നിവ പ്രവർത്തിക്കാതിരിക്കൽ എന്നിവയ്ക്കെരിരെ നടപടിയെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് കമ്മിഷണർ അറിയിച്ചു.