പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; നടപടി കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസം

0
190

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസില്‍ അന്വേഷണം കൂടുതല്‍ സിപിഐഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്.

എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണില്‍ വിളിച്ച് എറണാകുളത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് എസ് പി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടങ്ങിയതോടെ പീതാംബരന്റെയും കൂട്ടരുടെയും പ്രതികാരം എന്ന പാര്‍ട്ടി വാദത്തില്‍ നിന്നും മാറി, കൂടുതല്‍ സിപിഐഎം പ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി.

കൊലപാതകത്തില്‍ സിപിഐഎം നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതികള്‍ക്ക് താമസിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ ഇടം നല്‍കിയതിന്‍രെയും, നിയമോപദേശം നല്‍കിയതിന്റെയും വിവരങ്ങള്‍ വെളിപ്പെട്ടു. കൂടാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ പൊട്ടക്കിണറ്റില്‍ വ്യാജ ആയുധങ്ങള്‍ ഇട്ടത് സിപിഐഎം പ്രവര്‍ത്തകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയതും സിപിഐഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സ്ഥലം എംഎല്‍എയായ സിപിഐഎം നേതാവ്, സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗം എന്നിവരുടെ പേരുകള്‍ രേഖകളില്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ നിറഞ്ഞു. കല്യോട്ട് പാര്‍ട്ടി നെടുംതൂണുകളായ വ്യാപാര, വ്യവസായ പ്രമുഖരെ ചോദ്യം ചെയ്യാന്‍ ബന്ധപ്പെട്ടു. പ്രാദേശികപ്രശ്‌നമായി പാര്‍ട്ടി പറഞ്ഞ വിഷയം ജില്ല നേതാക്കളിലേക്കു വരെ എത്തുന്ന അന്വേഷണം സിപിഐഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലുമാക്കി.

ഏഴു പ്രതികളെ കൂടാതെ 12 പേര്‍ക്കെതിരെ കൂടി കൊല്ലപ്പെട്ടവരുടെ കുടുംബം മൊഴിനല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യദിനം തന്നെ കൂടുതല്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച്, കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും അച്ഛന്മാര്‍, കൊലയില്‍ പങ്കുണ്ടെന്ന് ശക്തമായി ആരോപിച്ച കല്യോട്ടെ സിപിഐഎം നേതാവും ക്വാറി മുതലാളിയുമായ ശാസ്താ ഗംഗാധരന്‍, വ്യാപാരപ്രമുഖന്‍ വത്സരാജ് എന്നിവരെ ചോദ്യംചെയ്യാന്‍ ശ്രമിച്ചതും സിപിഐഎമ്മിനെ പ്രകോപിപ്പിച്ചിരുന്നു.

മുഹമ്മദ് റഫീക്കിന് പകരം കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ എം സാബു മാത്യുവിനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പീതാംബരന്‍ അടക്കമുള്ള മുഖ്യപ്രതികളെ ചോദ്യം ചെയ്യും മുമ്പാണ് തിടുക്കത്തിലുള്ള മാറ്റം. കേസില്‍ ഇടപെടുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ആര്‍.ബിയിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here