മംഗളൂരു (www.mediavisionnews.in): സിറ്റി കോർപ്പറേഷൻ പരിധിയിലെ വീടില്ലാത്ത 1,000 പാവപ്പെട്ട കുടുംബങ്ങൾക്ക് അഡ്യാർ കണ്ണൂരിൽ വീട് നിർമിച്ചുനൽകുമെന്ന് ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി.ഖാദർ അറിയിച്ചു.
കോർപ്പറേഷൻ പരിധിയിൽ നടപ്പാക്കുന്ന 855 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യവെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
കണ്ണൂരിൽ ഇതിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഭവനരഹിതർക്കായി ശക്തിനഗറിൽ നിർമിക്കുന്ന വീടുകളുടെ നിർമാണം തുടങ്ങിയതായും മന്ത്രി അറിയിച്ചു.
വികലാംഗർക്ക് ചക്രക്കസേരകൾ, സാമ്പത്തിക സഹായങ്ങൾ, ലാപ്‌ടോപ്പുകൾ തുടങ്ങി 45,48,200 രൂപയുടെ സഹായങ്ങൾ ചടങ്ങിൽ വിതരണംചെയ്തു. ഉർവ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഭാസ്കർ മൊയ്‌ലി, എം.എൽ.എ. ഡി.വേദവ്യാസ് കാമത്ത്, എം.എൽ.സി. ഐവാൻ ഡിസൂസ തുടങ്ങിയവർ സംബന്ധിച്ചു.