കൊച്ചി(www.mediavisionnews.in): അനധികൃത ഫള്ക്സ് ബോർഡുകൾക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. ഓരോ അനധികൃത ഫ്ളക്സിനും അയ്യായിരം രൂപ വീതം പിഴയിടാൻ ആവശ്യപ്പെട്ട ഹൈക്കോടതി ആരുടെ മുഖമാണോ ഫ്ലക്സിലുള്ളത് അയാളുടെ കയ്യിൽ നിന്ന് പണം ഈടാക്കണമെന്നും പറഞ്ഞു.
ഫ്ലക്സിൽ മുഖമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. നടപടിയെടുക്കാനാകില്ല എന്നാണ് ഡിജിപി പറയുന്നതെന്ന് നിരീക്ഷിച്ച കോടതി ഡിജിപി യുടെ പവർ എന്താണെന്ന് കോടതി കാട്ടിക്കൊടുക്കാമെന്ന് പറഞ്ഞു.
സർക്കാരിനോട് ഇതാണോ നവകേരള നിർമാണം എന്ന് ആരാഞ്ഞ കോടതി അനധികൃത ഫ്ലെക്സ് ബോർഡുകൾ നിയന്ത്രിക്കാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫീസറെ നിയമിക്കുന്നതിനെ പറ്റി ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർക്കു നികുതി പിരിക്കാൻ അധികാരം നൽകണമെന്നും പരാമർശിച്ച കോടതി ലോകത്തു വേറെ എവിടെയെങ്കിലും ഇതൊക്കെ നടക്കുമോയെന്നും ചോദിച്ചു. ചിലർക്ക് സ്വന്തം മുഖം ഫ്ലെക്സിൽ കണ്ടാൽ മതി, അതിന്റെ ഭവിഷ്യത്തുകൾ ആരും മനസിലാക്കുന്നില്ല കോടതി നിരീക്ഷിച്ചു. ഉത്തരവ് ഉണ്ടെന്നു അറിഞ്ഞിട്ടും ആളുകൾ ഫ്ളക്സ് വെക്കുന്നത് കോടതി അലക്ഷ്യം ആണെന്നും കോടതി മുന്നറിയിപ്പ് നൽകി.