(www.mediavisionnews.in): ‘നെഞ്ചിനുള്ളിൽ നീയാണ്..കണ്ണുമുന്നിൽ നീയാണ്..’ താജുദ്ദീൻ വടകര വീണ്ടും ഇൗ ഗാനം മൂളിയത് ഫാത്തിമയ്ക്ക് േവണ്ടിയല്ല. ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രത്തിൽ നോക്കിയാണ്. മനോരമ ന്യൂസിന്റെ സോഷ്യൽ സ്റ്റാർ 2018 പുരസ്കാരം സ്വന്തമാക്കിയ ഫിറോസ് കുന്നംപറമ്പിലിന് ആശംസകൾ അർപ്പിച്ചാണ് അദ്ദേഹം ഇൗ വിഡിയോ പോസ്റ്റ് ചെയ്തത്. കുവൈത്തിലെ ഒരു കലാകാരൻ വരച്ച ഫിറോസിന്റെ ചിത്രവും അദ്ദേഹം കയ്യിൽ കരുതിയിരുന്നു. പ്രവാസലോകത്ത് നിന്ന് വലിയ പിന്തുണയാണ് ഫിറോസിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.
പ്രഖ്യാപനത്തിന് മുൻപേ തന്നെ സോഷ്യൽ ലോകം ഈ വിധി ഉറപ്പിച്ച പോലെയായിരുന്നു. മനോരമ ന്യൂസ് ഡോട്ട്കോമിൽ വരുന്ന ഒാരോ വാർത്തയ്ക്ക് ചുവട്ടിലും 2018ലെ സോഷ്യൽ താരത്തിനുള്ള പുരസ്കാരം ഫിറോസിന് ആയിരിക്കും എന്ന കമന്റുകളാല്‍ നിറച്ചു ഒരു കൂട്ടര്‍. മറ്റൊരുപാട് അര്‍ഹരുള്ള പട്ടികയില്‍ ഉള്ളവരും ഫിറോസിന്റെ പേര് നിര്‍ദേശിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ട് രംഗത്തെത്തിയതോടെ അക്കൂട്ടര്‍ക്ക് പ്രതീക്ഷയുമേറി. ആ സ്നേഹകാരുണ്യങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരമായി മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ കൈകളില്‍ തന്നെയെത്തി.
രണ്ടുമാസത്തിലേറെ നീണ്ടുനിന്ന വോട്ടെടുപ്പ്. മാറ്റുരച്ചത് കഴിഞ്ഞ വർഷം സോഷ്യൽ ലോകത്തെ നിറസാന്നിധ്യങ്ങളായ ഒരുകൂട്ടംപേർ. എന്നാൽ വോട്ടെടുപ്പിന്റെ ആദ്യ നാളുകളിൽ തന്നെ അമ്പരപ്പിക്കുന്ന പിന്തുണയാണ് ഫിറോസ് കുന്നംപറമ്പിലിന് ലഭിച്ചത്. പത്തുലക്ഷത്തിലേറെ പേർ വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ അതിൽ മൂന്നര ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തത് ഫിറോസ് കുന്നംപറമ്പിലിനാണ്.
സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയാണ് ഫിറോസ് കുന്നംപറമ്പില്‍ ആദ്യ മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാര്‍ വിജയി ആകുന്നത്‍. ഒറ്റ സെല്‍ഫോണും ഒരു ഫെയ്സ്ബുക്ക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന്‍ തീര്‍ക്കുന്നത് കാരുണ്യത്തിന്റെയും നന്‍മയുടെയും വലിയ ലോകം. രോഗവും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങള്‍ വിളിച്ചുപറയുന്നതാണ് ഫിറോസിന്റെ രീതി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി. ഈ മഹാമാതൃകയ്ക്കാണ് സോഷ്യല്‍ സ്റ്റാര്‍ പുരസ്കാരലബ്ധി.