ഇനി ഏതു നിമിഷവും തിരഞ്ഞെടുപ്പിന് കാഹളം; പ്രഖ്യാപനം അടുത്താഴ്ച

0
205

ദില്ലി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ചയുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ അടുത്ത തിങ്കളും ചൊവ്വയും ജമ്മുകശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയാല്‍ ഏതുനിമിഷവും പ്രഖ്യാപനമുണ്ടാകും. ഏഴോ, എട്ടോ ഘട്ടങ്ങളായിട്ടാകും വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ബുധനാഴ്ച്ച നടത്തുന്ന ചര്‍ച്ചയില്‍ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും.

ചീഫ് സെക്രട്ടറിമാരുമായും ചീഫ് ഇലക്ട്രല്‍ ഒാഫീസര്‍മാരുമായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വ്യാഴാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 16ാം ലോക്സഭയുടെ കലാവധി ജൂണ്‍ 3ന് അവസാനിക്കും. ഏപ്രില്‍ ആദ്യവാരം തുടങ്ങി മേയ് പകുതിയോടെ തിരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കാനാണ് സാധ്യത.

22.3 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജമാക്കുന്നത്. 17.3 ലക്ഷം വിവിപാറ്റ് യൂണിറ്റുകളും. എന്നാല്‍ 50 ശതമാനം വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിക്കപ്പെടാനിടയില്ല. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഉടന്‍ പ്രഖ്യാപിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പും ജമ്മുകശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്താനുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നുണ്ട്. ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണത്തിന്‍റെ കാലാവധി ജൂണ്‍ 20ന് അവസാനിക്കും. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ താഴ്‍വരയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമ്മിഷന്‍ അംഗങ്ങള്‍ മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here