കോഴിക്കോട് (www.mediavisionnews.in): ആഡംബര കാറുകളുടെ എംബ്ലം മോഷണം പോവുന്നത് നഗരത്തിൽ പതിവാകുന്നു. ബെൻസ്, ബി.എം.ഡബ്ല്യു., ഔഡി തുടങ്ങിയ കോടികൾ വിലയുള്ള ആഡംബരകാറുകളുടെ എംബ്ലങ്ങളാണ് മോഷ്ടിച്ച് മറിച്ചുവിൽക്കുന്ന സംഘം തന്നെ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്‌റ്റേഷനുകളിലായി ഒട്ടേറെ പരാതികളാണുള്ളത്.
വട്ടാംപൊയിൽ സ്വദേശി നാഫിസ് റസാഖിന്റെ ബെൻസ് സി 220 മോഡലിൽനിന്ന് കഴിഞ്ഞദിവസം എംബ്ലങ്ങൾ മോഷണം പോയിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30-ന് ബീച്ച് ഹോട്ടലിന് സമീപം നിർത്തിയിട്ട കാറിന്റെ പിറകുവശത്തെ എംബ്ലം ആദ്യം മോഷണംപോയി. ഇതേദിവസം രാത്രി മുൻവശത്തെ ചിഹ്നവും മോഷ്ടിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടപ്പോഴാണ് സംഭവം.
ഒരുമാസത്തിനിടയ്ക്ക് ഇയാളുടെ കാറിൽനിന്ന് അഞ്ചാം തവണയാണ് എംബ്ലം നഷ്ടപ്പെടുന്നത്. തുടർന്ന് ടൗൺ, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ആഡംബരകാറിന്റെ പ്രൗഢി, കുറഞ്ഞ ചെലവിൽ സ്വന്തമാക്കുകയാണ് എംബ്ലങ്ങൾ വാങ്ങുന്നവരുടെ പ്രധാന ലക്ഷ്യം. കാറിലും ഓഫീസിലും ആഡംബരകാറുകളുടെ യഥാർഥ എംബ്ലം പ്രദർശിപ്പിക്കുന്നവരുണ്ട്. വിലകുറഞ്ഞ കാറിന്റെ മുൻഭാഗത്തും ആഡംബരകാറിന്റെ എംബ്ലം ഉപയോഗിക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മോഷണസംഘത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
12000 രൂപയ്ക്കുവരെ മറിച്ചുവിൽക്കും
മോഷ്ടിക്കുന്ന എംബ്ലം 5000 രൂപമുതൽ 12,000 രൂപയ്ക്ക് വരെ മറിച്ചുവിൽക്കും. ആഡംബരകാറുകളിൽ പുതിയ എംബ്ലം വയ്ക്കാൻ അയ്യായിരം രൂപവരെ ചെലവുവരും. മൂർച്ചയുള്ള സാധനങ്ങൾ ഉപയോഗിച്ച് എംബ്ലം മുറിച്ചെടുക്കുമ്പോൾ കാറിലെ പെയിന്റും മറ്റും ഇളക്കുകയും ചെയ്യും. പെയിന്റടിക്കാനും വൻതുക ചെലവുവരും. കഴിഞ്ഞവർഷം നവംബറിൽ എംബ്ലം മോഷ്ടിച്ച് വിൽപ്പന നടത്തിയ നാല് യുവാക്കളെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.