കുമ്പള(www.mediavisionnews.in): വൊർക്കാടി പഞ്ചായത്തിലെ മൂന്നാം വാർഡായ സുന്നങ്കള കൽമിഞ്ച പ്രദേശങ്ങളിലെ വികസന മുരടിപ്പിനെതിരെ നാട്ടുകാർ ജനുവരി 29 ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ പ്രക്ഷോഭ പരിപാടികൾക്കെതിരെ യുഡിഎഫ് നേതാക്കന്മാർ വാർത്ത സമ്മേളനം വിളിച്ച്നടത്തിയ പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണെന്ന് നാട്ടുകാർ കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വോൾട്ടേജ് കുറവായത് കൊണ്ട് പ്രദേശത്ത് വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്നില്ല. മോട്ടോർ പ്രവർത്തിക്കാത്തതിനാൽ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കൃഷികൾ വെള്ളം നനക്കാനാവാതെ കരിഞ്ഞുണങ്ങുന്നു. വോൾട്ടേജില്ലാതെ ഉപകരണങ്ങൾ കത്തിനശിക്കുന്നു. വോൾട്ടേജ് ക്ഷാമം കൊണ്ട് പരീക്ഷ നാളുകളിൽ പോലും കുട്ടികൾക്ക് പഠിക്കാനാവുന്നില്ല.
കൽമിഞ്ച ബട്രടുക്ക പ്രദേശങ്ങളിൽ ഒരു മാസമായി പഞ്ചായത്തിന്റെ കുടിവെള്ള വിതരണം മുടങ്ങിയിട്ട്. ഓരോ വീടുകളിൽ നിന്നും 4,000 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കി പണികഴിപ്പിച്ച കുഴൽ കിണറുകൊണ്ട് നാളിതുവരെ ഒരു പ്രയോജനവും നാട്ടുകാർക്ക് ലഭിച്ചിട്ടില്ല.
കേവലം ആറു മാസം കൊണ്ട് കർണാടക ഹൈക്ലാസ് പാതയെയും മലയോര ഹൈവെയെയും ബന്ധിപ്പിക്കുന്ന, തകർന്നു തരിപ്പണമായ 700 മീറ്ററോളം വരുന്ന റോഡ് നന്നാക്കുമെന്നത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വാഗ്ദാനമായിരുന്നു. ഇന്നും റോഡ് അതേപടി നിലകൊള്ളുന്നു. ഈ അവഗണനകൾക്കെതിരെയാണ് നാട്ടുകാർ പ്രക്ഷോഭം നടത്തിയത്.
കർണാടക മന്ത്രി യുടി ഖാദറിന്റെ നേതൃത്വത്തിൽ തൗടു ഗോളി-മൂറു ഗോളി റോഡ് മുഴുവൻ ടാർ ചെയ്യിപ്പിക്കുമായിരുന്നിട്ടും വൊർക്കാടി പഞ്ചായത്ത് ഇടപെട്ട് അതിന് തുരങ്കം വച്ചതായി നാട്ടുകാർ ആരോപിച്ചു. പ്രക്ഷോഭം നടത്തുന്നതിന് ഇരുപതു ദിവസം മുമ്പേ യുഡിഎഫ് നേതാവും ജില്ല പഞ്ചായത്തംഗവുമായ ഹർഷാദ് വൊർക്കാടിയുൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വാർഡ് മെമ്പർ മുതൽ ജില്ല പഞ്ചായത്ത് ഭരണസമിതിക്ക് വരെ പരാതികൾ നൽകി പ്രതികരണമില്ലാത്തതിനെത്തുടർന്നാണ് പ്രക്ഷോഭത്തിനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെയുള്ള പ്രസ്താവനകളും വാർത്ത സമ്മേളനവും നാട്ടുകാരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് നാട്ടുകാർ ആരോപിച്ചു.
വാർത്ത സമ്മേളനത്തിൽ അബ്ദുൽ ലത്തീഫ് കൽമിഞ്ച, അബൂബക്കർ സിദ്ദിക്ക് പടുപ്പ് കൽമിഞ്ച, നൗഷാദ് മദക്ക കൽമിഞ്ച, അബ്ദുൽ ലത്തീഫ് മദക്ക കൽമിഞ്ച, മജീദ് പൂദാൽ കൽമിഞ്ച, കെ എച്ച് ഇസ്മയിൽ കൽമിഞ്ച എന്നിവർ സംബന്ധിച്ചു.