ന്യൂഡല്‍ഹി(www.mediavisionnews.in):പതിനഞ്ചു വയസിൽ താഴെ പ്രായമുള്ളവരും 65 വയസിന് മുകളിൽ പ്രായമുള്ളവരുമായ ഇന്ത്യക്കാർക്ക് ഇനി ആധാർ കാർഡ് മാത്രം കാണിച്ച് രണ്ടു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇവർക്ക് പാസ്പോര്ട്ട് പോലും വേണ്ട . ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്നറിയാൻ തിടുക്കമായി അല്ലെ, എന്നാൽ കേട്ടോളു, നേപ്പാൾ, ഭൂട്ടാൻ എന്നിവയാണ് ആ രാജ്യങ്ങൾ. എന്നാൽ ഈ പ്രായ പരിധിയിൽ വരാത്തവർക്ക് പതിവുപോലെ പാസ്പോർട് വേണം. ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിൽ പോകാൻ വിസ ആവശ്യമില്ല.
പതിനഞ്ചിന് താഴെ പ്രായമുള്ളവർക്കും 65 വയസ് കഴിഞ്ഞവർക്കും മുൻപും ഏതെങ്കിലും തിരിച്ചറിയൽ രേഖ നൽകി പോകാൻ കഴിയുമായിരുന്നു. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സുരക്ഷാ കാർഡ് എന്നിവ കാണിച്ച് യാത്ര ചെയ്യമായിരുന്നു. ഇപ്പോൾ ഈ ലിസ്റ്റിൽ ആധാർ കൂടി ഉൾപ്പെടുത്തി.
പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നേപ്പാളിലേക്ക് യാത്ര നടത്താം. കുടുംബമൊന്നിച്ച് യാത്ര നടത്തുമ്പോൾ എല്ലാവരുടെയും രേഖകൾ ആവശ്യമില്ല. മറിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് നിശ്ചിത യാത്ര രേഖകൾ ഉണ്ടായാൽ മതി. മറ്റുള്ളവർക്ക് കുടുംബവുമായുള്ള ബന്ധം തെളിയിക്കുന്ന ഏതെങ്കിലും രേഖ കാണിച്ചാൽ യാത്ര ചെയ്യാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.