മലപ്പുറം(www.mediavisionnews.in):ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. പഞ്ചായത്തുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് വോട്ടുചോർച്ച തടയുകയാണ് നേതാക്കളുടെ ലക്ഷ്യം.
വോട്ടു ചോർച്ച ഉണ്ടാവാതിരിക്കാൻ ലീഗും കോൺഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് നേതാക്കൾ ചർച്ച തുടങ്ങി. മുസ്ലീം ലീഗിന്റെയും കോൺഗ്രസിന്റയും മുതിർന്ന നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ് ,ഇ.ടി.മുഹമ്മദ് ബഷീർ എന്നിവരരുടെ നേതൃത്വത്തിലാണ് ചർച്ച പുരോഗമിക്കുന്നത്. ചില പഞ്ചായത്തുകളിൽ നില നിന്നിരുന്ന കോൺഗ്രസ്-ലീഗ് പ്രശ്നങ്ങൾ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേയും നിയമസഭാ തിരഞ്ഞെടുപ്പിലേയും ഏറ്റവും ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും വിജയശതമാനത്തെ ബാധിച്ചിരുന്നു. ഇത്തവണ അത് ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
തിരഞ്ഞെടുപ്പിന് മുമ്പ് എല്ലായിടത്തും യു.ഡി.എഫ് സംവിധാനം കൊണ്ടുവരുമെന്നാണ് നേതാക്കൻമാർ അവകാശപ്പെടുന്നത്. കെ.പി.സി.സി അധ്യക്ഷന്റെ ജാഥ ജില്ല വിട്ടാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.