തിരുവനന്തപുരം(www.mediavisionnews.in) ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ നിന്ന് ആര്‍.എസ്.എസും ബിജെപിയും പിന്‍മാറി. വ്യാപക അറസ്റ്റും കേസുകളും വന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. ഉപരോധത്തിന് പകരം അയ്യപ്പഭക്ത സംഗമം നടത്താനാണ് തീരുമാനം.
ശബരിമല യുവതി പ്രവേശനം ഉയര്‍ത്തി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം തീരുമാനിച്ചത്. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താലും അനുബന്ധ പ്രതിഷേധങ്ങളിലും വ്യാപക അറസ്റ്റ് നടന്ന സാഹചര്യത്തില്‍ ഉപരോധത്തിന്റെ പേരിലും നടപടിയുണ്ടാകുമെന്ന് സംഘ് പരിവാര്‍ പ്രതീക്ഷിക്കുന്നു.
അത്തരം സാഹചര്യം ഒഴിവാക്കണമെന്ന് ആര്‍.എസ്.എസ് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ ഉപരോധം ഉപേക്ഷിക്കുകയായിരുന്നു. പകരം അമൃതാനന്ദമയിയേ അടക്കം പങ്കെടുപ്പിച്ച് അയ്യപ്പ ഭക്തസംഗമം സംഘടിപ്പിക്കും. 20ാം തീയതി വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടി.
ശ്രീ ശ്രീ രവിശങ്കറിനേയും രാജ്യത്തെ പ്രശസ്ത സന്യാസി ശ്രേഷംന്മാരെ എത്തിക്കാനും കര്‍മസമിതി ശ്രമം തുടങ്ങിയിട്ടുണ്ട്.
സമരങ്ങളില്‍ തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അണികളെയും വിശ്വാസികളേയും അകറ്റുന്നതിനു കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമരമാറ്റം.
അതേസമയം സെക്രട്ടറിയേറ്റ് നടയില്‍ പാര്‍ട്ടി നടത്തുന്ന സത്യാഗ്രഹ സമരത്തിലും ബിജെപിയില്‍ ഭിന്നത രൂക്ഷമായി. സമരത്തില്‍ നിന്നു മുന്‍നിര നേതാക്കള്‍ അകന്നതോടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് വാദം. എന്നാല്‍ സമരവിജയത്തെ കുറിച്ച് 21 നു സംസ്ഥാനത്തെത്തുന്ന അമിത് ഷാക്കു മുന്നില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് മറുവിഭാഗം.