ഉപ്പളയിൽ അടിയന്തരമായി പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന് ശുപാർശ

0
193

കാസർകോട്(www.mediavisionnews.in): വടക്കേ അതിർത്തിയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിച്ച് ഉപ്പളയിൽ പുതിയ സ്റ്റേഷൻ അടിയന്തരമായി തുടങ്ങണമെന്നഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ടയച്ചു. വിഭാഗീയ സംഘർഷം ഏതുസമയത്തും പൊട്ടിപ്പുറപ്പെടാവുന്ന മേഖലയാണിതെന്നും നിലവിലെ സംവിധാനം കൊണ്ട് നേരിടുക പ്രയാസമായിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നാദാപുരം മാതൃകയിൽ ഉപ്പളയിൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുടങ്ങണമെന്നും ജില്ലയ്ക്ക് 75 പേർ വീതമുള്ള രണ്ട് കമ്പനി പോലീസിനെയും 15 ജീപ്പും 20 ബൈക്കും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസങ്ങളിലെ ഹർത്താലുകളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ശുപാർശ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയാണ്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും വന്നേക്കും. ഈ സാഹചര്യത്തിൽ ചട്ടഞ്ചാൽ ആസ്ഥാനമായി തുടങ്ങാൻ നടപടിയായ മേൽപ്പറമ്പ പോലീസ് സ്റ്റേഷന് മുൻപേ ഉപ്പള സ്റ്റേഷൻ തുടങ്ങുന്നത് പരിഗണിക്കണ്ടേുംവിധം സങ്കീർണമാണ് പ്രശ്നങ്ങളെന്ന് പോലീസ് പറയുന്നു. കർണാടകവുമായി അതിർത്തി പങ്കിടുന്ന അഞ്ച്‌ കേന്ദ്രങ്ങളിലെങ്കിലും എയ്‌ഡ് പോസ്റ്റ് തുറക്കണമെന്നതാണ് മറ്റൊരു ശുപാർശ. നിലവിൽ സീതാംഗോളിയിലും മാവുങ്കാലിലും ജില്ലാ പോലീസ് സ്വന്തംനിലയ്ക്ക് എയ്‌ഡ് പോസ്റ്റ് തുടങ്ങിയിട്ടുണ്ട്. സർക്കാർ സഹായമില്ലാത്തതിനാൽ നടത്തിക്കൊണ്ട്പോക്ക് പ്രയാസമാണ്. ബായർ അടക്കമുള്ള അതിർത്തികേന്ദ്രങ്ങളിൽ സർക്കാർ ചെലവിൽ ഷെഡ് കെട്ടി പോലീസിനെ നിയോഗിക്കണം, വാഹനസൗകര്യം നൽകണം. നിലവിൽ എന്തുപ്രശ്നങ്ങളുണ്ടായാലും കർണാടകത്തിൽനിന്ന് ആളുവരും. അക്രമം നടത്തി ഉടൻ പിൻവാങ്ങും. പ്രശ്നമുണ്ടായാൽ ഉടൻ അതിർത്തി റോഡുകൾ അടയ്ക്കണമെങ്കിൽ ഈ സംവിധാനം അത്യാവശ്യമാണ് -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുടുങ്ങിപ്പോയ മഞ്ചേശ്വരം സ്റ്റേഷൻ

ബ്രിട്ടീഷ് ഭരണകാലത്ത് 1938-ൽ തുടങ്ങിയ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ 1989-ൽ പുതിയ കെട്ടിടത്തിലേക്ക് മാറി. ഇതുപക്ഷേ, പോലീസിനെ സംബന്ധിച്ച് വല്ലാത്ത കുടുക്കായി. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ്് തീരമേഖലയിലാണ് സ്റ്റേഷൻ. വടക്ക് തലപ്പാടി ഭാഗത്തേക്ക് ദേശീയപാതയിലെത്താൻ ഉദ്യാവർ റെയിൽവേ ഗേറ്റ് കടക്കണം. തെക്ക് ഉപ്പളഭാഗത്തേക്കാണെങ്കിൽ ഹൊസങ്കടി ഗേറ്റും. ദിവസം 60 തവണയെങ്കിലും ഗേറ്റടയ്ക്കും. ഒരു മണിക്കൂറിൽ രണ്ടും മൂന്നും തവണ. മറ്റു വാഹനങ്ങളെപ്പോലെ പോലീസ് ജീപ്പും ഓരോതവണയും പത്തുമിനിട്ടോളം ഗേറ്റിൽ കുടുങ്ങും. സ്റ്റേഷൻ കടലോരത്താണെങ്കിലും പ്രവർത്തനമേഖല കിഴക്കോട്ടാണ്. ബായാർപോലുള്ള അതിർത്തിമേഖലയിലേക്ക് 25 കിലോമീറ്ററെങ്കിലുമുണ്ട്. കുഴപ്പം നടക്കുന്ന വിവരമറിഞ്ഞ് ഉടൻ പുറപ്പെട്ടാലും സമയത്ത് എത്താനാവില്ല. സാധാരണ കേസന്വേഷണത്തിന് രാവിലെ ബസിൽ പോയാൽ വൈകിട്ടേ തിരിച്ചെത്താനാകൂ. പ്രശ്നങ്ങളുണ്ടാകുന്നത് അധികവും ഉൾപ്രദേശങ്ങളിലാണെന്നും എല്ലാ കേന്ദ്രങ്ങളിലും കാവലിന് നിയോഗിക്കുക പ്രായോഗികമല്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ വർഷം 599 കേസുകൾ രജിസ്റ്റർചെയ്തിരുന്നു. ഈ വർഷം ഇതുവരെ 27-ഉം. കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളുമായി താരതമ്യംചെയ്യുമ്പോൾ കേസുകളുടെ എണ്ണം കുറവാണെങ്കിലും വിസ്തൃതി കൂടിയതിനാൽ അന്വേഷണം ദുഷ്കരമാകുന്നു.

കീഴിൽ 24 വില്ലേജുകൾ

താലൂക്കാസ്ഥാനമായ മഞ്ചേശ്വരത്തെ പോലീസ് സ്റ്റേഷന് കീഴിൽ മഞ്ചേശ്വരം, വൊർക്കാടി, മീഞ്ച, പഞ്ചായത്തുകളും മംഗൽപ്പാടി പഞ്ചായത്തിന്റെ ഒരു ഭാഗവും വരും. 17 കിലോമീറ്റർ കടൽത്തീരമുണ്ട്. 24 വില്ലേജുകളുണ്ട്. കുഞ്ചത്തൂർ, ഉദ്യാവർ, ബഡാജെ, പാവൂർ, ഹൊസബേട്ടു, ബങ്കര മഞ്ചേശ്വരം, കടമ്പാർ, കലിയൂർ, കോലിയൂർ, വൊർക്കാടി, കൊട്‌ലാമൊഗരു, പാത്തൂർ, മജ്‌ബെയിൽ, മൂടംബയൽ, തലക്കല, ഉപ്പള, മുളിഞ്ച, കോടിബയൽ, കൂളൂർ, ബേക്കൂർ, മീഞ്ച, പൈവളിഗെ, ചിപ്പാർ, ബായർ എന്നിവയാണ് വില്ലേജുകൾ. മൊത്തം വിസ്തൃതി 173.02 ചതുരശ്ര കിലോമീറ്റർ. 2011-ലെ സെൻസസ് അനുസരിച്ച് 151321 പേർ. 22 സർക്കാർ സ്ഥാപനങ്ങളും അത്രതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. വിവിധ മതസ്ഥരുടേതായി 38 ആരാധനാലയങ്ങളും. ഇവിടത്തെ ആഘോഷങ്ങളോടനുബന്ധിച്ച് പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നു. 39 പോലീസുകാരെവെച്ചാണ് ഇത് നിയന്ത്രിക്കുന്നത്. കേരളത്തിലെ കുമ്പള, ബദിയടുക്ക, കർണാടകത്തിലെ കൂണാജെ, ഉള്ളാൾ, വിട്‌ള എന്നീ സ്റ്റേഷനുകളുമായി ഇത് അതിർത്തിപങ്കിടുന്നു. മംഗളൂരു അടക്കമുള്ള കർണാടക കോടതിയിൽനിന്ന് മാസം പത്ത് സമൻസെങ്കിലും വരും. അതിന് ആളുപോകണം.

നിലവിൽ 17 പോലീസ് സ്റ്റേഷനും ഒരു ട്രാഫിക് സ്റ്റേഷനും മൂന്ന് തീരദേശ സ്റ്റേഷനുമാണ് ജില്ലയിൽ. എ.ആർ. ക്യാമ്പിലെ 500 പേരടക്കം ആകെ 1500 പോലീസുകാർ. നിരവധി സംഘർഷങ്ങളുണ്ടാകുന്ന അതിർത്തി ജില്ലയിൽ ഇത് പരിമിതമാണെന്ന്പരിമിതമാണെന്ന് പോലീസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here