കാസർകോട‌്(www.mediavisionnews.in): സംഘപരിവാർ നടത്തിയ ഹർത്താൽ ദിനത്തിലും തുടർന്നുള്ള അക്രമങ്ങളിലും ജില്ലയിൽ ഇതുവരെ 2871 പേർക്കെതിരെ കേസെടുത്തു. 69 കേസിൽ 186 പേരെ അറസ‌്റ്റ‌് ചെയ‌്തു. 36 പേരെ റിമാൻഡ‌് ചെയ‌്തു. കാസർകോട‌് പൊലീസ‌് ഡിവിഷനിലാണ‌് കൂടുതൽ കേസുകൾ; 50. 123 പേരെ അറസ‌്റ്റ‌് ചെയ‌്തു. അറസ‌്റ്റിലാകാനുള്ള പ്രതികൾക്കായി പൊലീസ‌് തിരച്ചിൽ ശക്തമാക്കി. പൊലീസ‌് നടപടി ശക്തമായതോടെ പ്രതികൾ മുങ്ങിയിരിക്കുകയാണ‌്. രാത്രിയിൽ വീടുകളിലും പൊലീസ‌് തേടിയെത്തുന്നതിനാൽ പ്രതികൾ പുറത്താണ‌് കഴിയുന്നത‌്. ചിലർ കർണാടകയിലേക്കും കടന്നിട്ടുണ്ട‌്. പൊലീസിന്റെ വീഡിയോ കാമറകളിൽ നിന്നും സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ‌് പ്രതികൾക്കായി അന്വേഷണം.
ഹർത്താലുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങൾ ജില്ലയിൽ കൂടുതലും നടന്നത‌് മഞ്ചേശ്വരം, കുമ്പള, കാസർകോട‌്, ബദിയടുക്ക, ആദൂർ, ബേക്കൽ, ഹൊസ‌്ദുർഗ‌് പൊലീസ‌് സ‌്റ്റേഷൻ പരിധികളിലാണ‌്. മഞ്ചേശ്വരത്ത‌് വർഗീയ സംഘർഷം ഉണ്ടാക്കുന്ന നിലക്കായിരുന്നു സംഘപരിവാർ അക്രമം. ബായാറിൽ മദ്രാസാധ്യാപകനെ വധിക്കാൻ ശ്രമിച്ച അഞ്ച‌് ബിജെപി പ്രവർത്തകരെ അറസ‌്റ്റ‌് ചെയ‌്ത‌് റിമാൻഡ‌് ചെയ‌്തു. അമ്പതോളം വരുന്ന സംഘമാണ‌് അക്രമിച്ചത‌്. പിടിയിലാകാനുള്ള മറ്റുള്ളവർക്കായി പൊലീസ‌് തിരിച്ചിൽ ശക്തമാക്കി. മഞ്ചേശ്വരത്ത‌് 17 കേസുകളിലായി 350 ഓളം പേർക്കെതിരെ കേസെടുത്തു. 24 പേരെ അറസ‌്റ്റ‌് ചെയ‌്തു. 13 പേരെ റിമാൻഡ‌് ചെയ‌്തു. കുമ്പളയിൽ 24 കേസുകളിലായി നാന്നൂറോളം പേർക്കെതിരെ കേസെടുത്തു. 28 പേരെ അറസ‌്റ്റ‌് ചെയ‌്തു. എട്ട‌് പേരെ റിമാൻഡ‌് ചെയ‌്തു. കാസർകോട‌് 16 കേസുകളിലായി അറുന്നൂറോളം പേർക്കെതിരെ കേസെടുത്തു. 70 പേരെ അറസ‌്റ്റ‌് ചെയ‌്തു. വിദ്യാനഗറിൽ എട്ട‌് കേസിൽ 46 പേർക്കെതിരെ കേസെടുത്തു. 33 പേരെ അറസ‌്റ്റ‌് ചെയ‌്തു.
ബദിയടുക്കയിൽ എട്ട‌് കേസുകളിലായി നൂറോളം പേർക്കെതിരെ കേസെടുത്തു. നാല‌് പേരെ റിമാൻഡ‌് ചെയ‌്തു. ബേക്കലിൽ ഏഴ‌് കേസുകളിലായി നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തു. രണ്ട‌് പേരെ റിമാൻഡ‌് ചെയ‌്തു. ആദൂരിൽ ആറ‌് കേസുകളിലായി നൂറോളം പേർക്കെതിരെ കേസെടുത്തു. 20 പേരെ അറസ‌്റ്റ‌് ചെയ‌്തു. ഹൊസ‌്ദുർഗിൽ 14 കേസുകളിലായി 700 ഓളം പേർക്കെതിരെ കേസെടുത്തു. 36 പേരെ അറസ‌്റ്റ‌് ചെയ‌്തു. ആറ‌് പേരെ റിമാൻഡ‌് ചെയ‌്തു. ചിറ്റാരിക്കാലിൽ ഒരു കേസിൽ 27 പേർക്കെതിരെ കേസെടുത്തു. ഒമ്പത‌് പേരെ അറസ‌്റ്റ‌് ചെയ‌്തു. നീലേശ്വരത്ത‌് ആറ‌് കേസുകളിൽ 33 പേർക്കെതിരെ കേസെടുത്തു. ആറ‌് പേരെ അറസ‌്റ്റ‌് ചെയ‌്തു. രണ്ട‌് പേരെ റിമാൻഡ‌് ചെയ‌്തു. വെള്ളരിക്കുണ്ടിൽ 100 പേർക്കെതിരെ കേസെടുത്തു. 14 പേരെ അറസ‌്റ്റ‌് ചെയ‌്തു.