നാഗ്പുര്‍ (www.mediavisionnews.in): ഹൃദയം മോഷ്ടിച്ചു എന്ന കാവ്യപരമായ പ്രണയത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും ഒരിക്കലും പ്രണയത്തില്‍പെട്ടു പോയ ഒരാള്‍ മോഷ്ടിക്കപ്പെട്ട ഹൃദയം അന്വേഷിച്ചു നടകക്കുകയോ പൊലീസിനോട് പരാതി പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പരാതി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്.
തങ്ങളുടെ മുന്നിലെത്തിയ വിചിത്രമായ മോഷണ പരാതിയില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്ന് ആലോചിച്ച് കുഴങ്ങി ഒടുവില്‍ പരാതിക്കാരനായ യുവാവിനെ നിരാശനാക്കി മടക്കി അയച്ചിരിക്കുകയാണ് നാഗ്പുര്‍ പൊലീസ്.
ഒരു പെണ്‍കുട്ടി തന്റെ ഹൃദയം എടുത്തു കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് സഹായം ആവശ്യമുണ്ടെന്നും പറഞ്ഞ് പരാതി നല്‍കാനെത്തിയതാണ് യുവാവ്. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്റെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടി.
എന്നാല്‍ വസ്തുവാണ് മോഷണം പോയതെങ്കില്‍ പരാതി സ്വീകരിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും ഇന്ത്യന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്നും എന്നാല്‍ ഹൃദയമോഷണത്തെ കുറിച്ചന്വേഷണം നടത്താന്‍ നിര്‍വാഹമില്ലെന്നും പൊലീസുദ്യോഗസ്ഥര്‍ യുവാവിനെ അറിയിച്ച് മടക്കി അയച്ച് കേസ് ഒതുക്കി തീര്‍ത്തു.
അടുത്തിടെ നാഗ്പുര്‍ പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൊലീസ് കണ്ടെടുത്ത 82 ലക്ഷം രൂപയുടെ മോഷണവസ്തുക്കള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനിടെ നാഗ്പുര്‍ പൊലീസ് കമ്മീഷണര്‍ ഭൂഷണ്‍ കുമാര്‍ ഉപാധ്യായ് പങ്കു വെച്ചതാണ് യുവാവിന്റെ ഹൃദയ മോഷണകഥ.