കൊച്ചി(www.mediavisionnews.in): സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കd രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍
പാര്‍ലമെന്റിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടക്കും.
കഴിഞ്ഞ ദിവസം തുടക്കമിട്ട 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികമായിരുന്നു. മഹാരാഷ്ട്രയിലെ ബെസ്റ്റ് ബസ് സര്‍വീസ് തൊഴിലാളികള്‍ ഏതാണ്ട് പൂര്‍ണമായും പണിമുടക്കിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
20 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കുന്നത്. ജി.എസ്.ടി, നോട്ട് നിരോധനം അടക്കമുള്ളവ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത് തൊഴിലാളികള്‍ക്ക് വന്‍ തിരിച്ചടിയായെന്നത് അടക്കമുള്ള കാര്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
തിരുവനന്തപുരത്തു നിന്നു രാവിലെ 7.15ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസ് എട്ടു മണിയോടെയാണു യാത്ര ആരംഭിച്ചത്. കൊച്ചി കളമശ്ശേരിയിലും പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണു തടഞ്ഞത്.
കണ്ണൂര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മംഗലാപുരം ചെന്നൈ മെയിലും, തിരുവനന്തപുരം-മംഗളൂരു-മലബാര്‍ എക്‌സ്പ്രസുമാണ് തടഞ്ഞത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ് തടഞ്ഞു. പാലക്കാട് മംഗലാപുരം പാസഞ്ചര്‍ എക്‌സ്പ്രസ് തടഞ്ഞു.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നും സര്‍വീസ് നടത്തുന്നില്ല. പൊതുഗതാഗതം ഇന്നും മുടങ്ങിയതോടെ ജനജീവിതം താറുമാറായി.സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കടകള്‍ തുറന്നിട്ടുണ്ട്. ഇന്നു രാത്രി 12 വരെയാണ് പണിമുടക്ക്.