ദുബൈ (www.mediavisionnews.in): പാകിസ്ഥാനെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ തേടി ഐസിസിയുടെ വിലക്ക്. പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന് വിനയായത്.
ഒരു മത്സരത്തില്‍ നിന്ന് വിലക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴയുമാണ് ഐസിസി ഡുപ്ലെസിസിന് വിധിച്ചിരിക്കുന്നത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് ഡുപ്ലെസിസിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ ടീമിലുളള മറ്റ് താരങ്ങള്‍ക്ക് 10 ശതമാനം വീതം പിഴ വിധിച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചതാണ് ഐസിസിയെ കൊണ്ട് കടുത്ത നടപടി പ്രേരിപ്പിച്ചത്. നേരത്തെ സെഞ്ചൂറിയനില്‍ ഇന്ത്യയ്‌ക്കെതിരേയും ഡുപ്ലെസിസും കൂട്ടരും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐസിസിയുടെ ശാസനയ്ക്ക് ഇരയായിരുന്നു.
ഇതോടെ പാകിസ്ഥാനെതിരെ മൂന്നാം ടെസ്റ്റില്‍ ഡുപ്ലെസിസിന് കളിക്കാനാകില്ല. ഈ മാസം 11ാം തീയതിയാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.