തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോയുടെ റൂട്ടും ചാര്‍ജും യാത്രക്കാരന് മൊബൈലില്‍ അറിയുന്നതിനുള്ള സംവിധാനം വരുന്നു. ഇതിനായി സര്‍ക്കാര്‍ നീക്കം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയായിരിക്കും നിരക്ക് അറിയിക്കുക. ലീഗല്‍ മെട്രോളജി വകുപ്പ് പുതിയ സംവിധാനത്തിന്റെ പരീക്ഷണം ആരംഭിച്ചതായിട്ടാണ് വിവരം.
ഇതിനു പുറമെ ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തും. ഇതിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിരക്ക് അറിയുന്നതിന് സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. ജിപിഎസ് ഓട്ടോയിലെ ഫെയര്‍മീറ്ററുമായി ബന്ധിപ്പിക്കും. ഇതിലൂടെ സഞ്ചരിക്കുന്ന ദൂരവും നിരക്കും ആപ്പില്‍ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി.
ഈ സംവിധാനം നടപ്പാക്കുന്നതാടെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ എന്നിവ തടയാന്‍ സാധിക്കും. മീറ്റര്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം മോട്ടോര്‍വാഹന വകുപ്പിനാണ്. പദ്ധതി നടപ്പാക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സഹകരിക്കുന്നതിനും ധാരണയായിട്ടുണ്ട്.
അമിത നിരക്ക് വാങ്ങുന്നതായി സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ചുള്ള പരാതി വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ നേരിട്ട് രംഗത്ത് വരുന്നത്.