കാസര്‍ഗോഡ് (www.mediavisionnews.in): ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ ഹബീബ് റഹ്മാന് മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ. ഐഎസില്‍ ചേരുക എന്ന ലക്ഷ്യവുമായാണ് ഹബീബ് ഇറാനിലേക്ക് പോയത്. മസ്കറ്റ്, ഒമാന്‍ വഴിയാണ് ഹബീബടങ്ങുന്ന സംഘം ഇറാനിലെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു.
കേസില്‍ പതിനേഴാം പ്രതിയാണ് ഹബീബ് റഹ്മാന്. ഹബീബിനെ കല്‍പ്പറ്റയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 2017 ല്‍ ഇയാള്‍ ഐഎസില്‍ ചേരുന്നതിന് ഇറാനിലേക്ക് പോയെന്ന് എന്‍ഐഎ പറയുന്നു. ഇയാളുടെ സുഹൃത്തായ കല്‍പ്പറ്റ സ്വദേശിയെ നേരത്തെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഹബീബിനെ എറണാകുളം എന്‍ഐഎ കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കും.