കൊച്ചി(www.mediavisionnews.in): പുതു വര്‍ഷത്തില്‍ ഹര്‍ത്താലിനോട് പൊരുതാനായി പ്രചാരണവുമായി ഹര്‍ത്താല്‍ വിരുദ്ധ ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍. തീരുമാനത്തിന് ഐക്യദാര്‍ഢ്യവുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ പകല്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് ഓടിക്കാന്‍ ഇന്ന് സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബെറ്റര്‍ കൊച്ചിന്‍ റെസ്പോണ്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 42 സംഘടനയാണ് ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. കേരള ചേംബര്‍ ഓഫ് കോമേഴ്സ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ക്രെഡായി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍, വ്യാപാരി വ്യവസായ ഏകോപനസമിതി, ഹോട്ടല്‍ റസ്റ്റാറന്റ് അസോസിയേഷന്‍, സി.ബി.എസ്.ഇ സ്‌കൂള്‍ അസോസിയേഷന്‍, ഭാരതീയ വിദ്യാഭവന്‍, ഐ.എം.എ, കേരള മാനേജ്മന്റെ് അസോസിയേഷന്‍ തുടങ്ങി 42 സംഘടനയാണ് യോഗത്തില്‍ പങ്കെടുത്തത്.
ഹര്‍ത്താലുകാര്‍ക്ക് സംഭാവനയും വോട്ടും നല്‍കേണ്ടതില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. സ്‌കൂളുകളും കോളജുകളും ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കണം. അതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നാളുകളില്‍ ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന തീരുമാനത്തോടെയാണ് ഇന്ന് നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ ലൈറ്റുകള്‍ തെളിച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.