മഞ്ചേശ്വരം (www.mediavisionnews.in):: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിരപരാധികളായ മുസ്ലിം യുവാക്കളെ കള്ളകേസ് ചാർത്തി ജയിലലടക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.
കുഞ്ചത്തൂർ പ്രശ്നത്തിന്റെ പേര് പറഞ്ഞ് സംഘ്പരിവാർ പ്രവർത്തകർ നൽകിയ ലിസ്റ്റ് പ്രകാരം നിരപരാധികളായ മുസ്ലിം യുവാക്കളെ ജയിലിലടക്കാനുള്ള തിരക്കിലാണ് പോലീസുകാർ. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിൽപ്പെട്ട യുവാക്കളെ മാത്രം തിരഞ്ഞ് പിടിച്ച് എണ്ണം തികയ്ക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന ഒരു യുവാവിനെയാണ് കഴിഞ്ഞ ദിവസം പിടിച്ച് റിമാന്റ് ചെയ്തത്. ജനപ്രതിനിധികൾ ചെന്ന് യുവാവിന്റെ നിരപരാധിത്വത്തെ പറ്റി തെളിവ് നൽകി അപേക്ഷിച്ചിട്ടും സ്റ്റേഷൻ ഹൗസ് ഓഫീസർ വളരെ ധിക്കാരത്തോടെയും ധാർഷ്യത്തോടെയുമാണ് പ്രതികരിച്ചത്. പ്രായപൂർത്തിയാകാത്ത നാലോളം വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ സംഘ്പരിവാരിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇതിനെതിരെ വരും ദിനങ്ങളിൽ ശക്തമായ ജനകീയ പോരാട്ടത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.