ന്യൂഡൽഹി(www.mediavisionnews.in): മധ്യപ്രദേശിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ നാല് ബിജെപി എം.എൽ.എമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന ആശങ്കയിൽ ബിജെപി. കോൺഗ്രസില് നിന്ന് ഇടക്കാലത്ത് പാർട്ടി മാറിയെത്തിയ നാല് ബി.ജെ.പി എം.എൽ.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിയ്ക്ക് 109 അംഗങ്ങളുമാണ് ഉള്ളത്. നാല് വിമതന്മാരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും കോൺഗ്രസിനെ പിന്തുണച്ചതോടെ അവർക്ക് 121 പേരുടെ പിന്തുണയായി.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ പഴയ കോൺഗ്രസുകാരായ എം.എൽ.എമാരെ തിരിച്ച് എത്തിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. വിജയ രാഗോഗഢ് എംഎൽഎ സഞ്ജയ് പഥക്, ശിവനി എംഎൽഎ മുൻമുൻ റായ്, സിയോണി എംഎൽഎ സ്വദേശ് റായ്, മനാസ എംഎൽഎ അനിരുദ്ധ മാരൂ എന്നിവരുടെ കാര്യത്തിലാണ് ബിജെപിക്ക് ആശങ്കയുള്ളത്.
മുഖ്യമന്ത്രിയായ കമൽനാഥ് നിയമസഭാംഗമല്ലാത്തതിനാൽ ആറ് മാസത്തിനുള്ളിൽ അദ്ദേഹത്തിന് ജയിച്ച് അംഗമാകേണ്ടതുണ്ട്. കമൽനാഥിനായി ബി.എസ്.പിയോ സ്വതന്ത്ര എംഎൽഎമാരോ രാജിവെക്കില്ലെന്ന് ഉറപ്പാണ്. അതിനാൽ കോൺഗ്രസ് ബി.ജെ.പി എംഎൽഎമാരെ ലക്ഷ്യമിട്ടേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങൾ സൂചിപ്പിച്ചു.
വേണമെങ്കിൾ ബി.ജെ.പിയ്ക്കും കോൺഗ്രസ് എംഎൽഎമാരെ മറുഭാഗം ചാടിക്കാനുള്ള ശ്രമങ്ങൾ നടത്താം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കാനാണ് പാർട്ടിയുടെ തീരുമാനം. കർണാടക അനുഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും ഒരു ബി.ജെ.പി നേതാവ് പത്രത്തോട് പ്രതികരിച്ചു.
രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങൾ മെനയുന്നതിലും കമൽനാഥിനെ അഗ്രഗണ്യനായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അംഗ സംഖ്യ തികയ്ക്കാനുള്ള നീക്കങ്ങൾ കമൽനാഥിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. അതിനാൽ തങ്ങളുടെ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി ഇപ്പോൾ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി രൂക്ഷമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.