കൊച്ചി(www.mediavisionnews.in): അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ സംബന്ധിച്ച കേസില്‍ വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജിയാണ് ഹരജി നല്‍കിയത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം പ്രാദേശിക നേതാവ് ഹാജരാക്കിയതാണെന്നുമാണ് ഷാജിയുടെ വാദം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയിലാണ് കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍.പി മനോരമയുടെ വീട്ടില്‍ നിന്ന് ലഘുലേഖകള്‍ പിടിച്ചെടുത്തെന്ന് എസ്.ഐ ശ്രീജിത് കൊടേരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്.ഐ ഹാജരാക്കിയ മഹസറില്‍ ഈ ലഘുലേഖ ഉണ്ടായിരുന്നില്ലെന്ന് കെ.എം ഷാജി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുലേഖ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുലേഖ സ്‌റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടില്‍ നിന്ന് ലഘുലേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്.ഐ. ശ്രീജിത് കൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹരജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്.ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.