തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് മിച്ച ഭൂമി പിടിച്ചെടുക്കണമന്നാവശ്യപ്പെട്ടുള്ള കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും നടപടിയെടുക്കാതെ സര്‍ക്കാര്‍. മിച്ചഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആകെ 1306 കേസുകളുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. നടപടിയെടുക്കേണ്ട ലാന്റ് ബോര്‍ഡുകളധികവും പ്രവര്‍ത്തിക്കുന്നില്ലെന്നും റവന്യൂ വകുപ്പ് സമ്മതിക്കുന്നു.
കേസുകളുടെ കാര്യത്തില്‍ മലപ്പുറമാണ് മുന്നില്‍ 281 കേസുകളാണിവിടെ, കാസര്‍കോട് 216, വയനാട് 200 പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നൂറിലധികം കേസുകളുണ്ട്. ആലപ്പുഴയിലാണ് ഏറ്റവും കുറവ് 10കേസുകള്‍. മിച്ച ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ വന്‍കിട വ്യവസായികളും രാഷ്ട്രീയ ബന്ധമുള്ള ഉന്നതരുമാണുമുള്ളത്. ബിഷപ്പ് കെ.പി യോഹന്നാന്‍, കരമണല്‍ ഖനനത്തില്‍ വിവാദമായ കെ.ആര്‍.എം.എല്‍ എം.ഡി ശശിധരന്‍ കര്‍ത്താ, സി.പി.എമ്മിന്റെ ക്വാറി ഉടമകളുടെ സംഘടനാ സംസ്ഥാന നേതാവ് എ.എം ചാക്കോ, വി.വി മിനറല്‍സ് ഉടമ വൈകുണ്ഡ രാജന്‍ തുടങ്ങി നിരവധിപേര്‍ പിടിച്ചെടുക്കേണ്ട ഭൂമിയുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു.
മിച്ച ഭൂമി പിടിച്ചെടുക്കേണ്ട താലൂക്ക് ലാന്റ് ബോര്‍ഡുകളിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് അധിക ഭൂമി കൈവശം വക്കാന്‍ വന്‍കിടക്കാര്‍ക്ക് അവസരമൊരുക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെച്ചിരിക്കുന്ന അധിക ഭൂമിക്ക് സീലിംഗ് കേസ് എടുക്കാതെ റവന്യൂ വകുപ്പ് കണ്ണടച്ചതു കാരണം ഭൂമി ബിനാമികള്‍ക്ക് കൈമാറാന്‍ വന്‍കിടക്കാര്‍ക്ക് അവസരമൊരുങ്ങുകയാണ്.