കൊച്ചി(www.mediavisionnews.in): മുസ്‌ലിം മതവിശ്വാസികളായ പെണ്‍കുട്ടികള്‍ തലയില്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
തിരുവന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.
സ്‌കൂളിന്റെ ഡ്രസ് കോഡിന് എതിരാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസ്സില്‍ വരാമോ എന്നത് സ്‌കൂളിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. തീരുമാനമെടുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും, ഇക്കാര്യത്തില്‍ സ്‌കൂളിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.