ഷാർജ (www.mediavisionnews.in): ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകൾക്കു കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ശരിയായി പായ്ക്ക് ചെയ്യാത്ത ബാഗേജുകൾ അനുവദിക്കില്ല. ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
നിശ്ചിതരൂപമില്ലാതെ വലിച്ചുവാരികെട്ടിയ ബാഗേജുകളുമായി ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. ഇവ ചരക്കുനീക്ക സംവിധാനം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി. 75 സെന്റിമീറ്റർ ഉയരവും 60 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ നീളവുമായിരിക്കണം ബാഗുകളുടെ പരമാവധി വലുപ്പം. ഏതെങ്കിലും ഒരുഭാഗം പരന്നതായിരിക്കുകയും വേണം. രണ്ടു സാധനങ്ങൾ കൂട്ടിക്കെട്ടി കൊണ്ടുപോകാൻ അനുവദിക്കില്ല. ബാഗേജുകൾ ചരടുകൊണ്ടു കെട്ടുന്നതും ഒഴിവാക്കണം.
പകരം ചുറ്റും ടേപ്പ് ഒട്ടിച്ചു സുരക്ഷിതമാക്കാം. തോളിൽ തൂക്കാനുള്ള നീളൻ സ്ട്രാപ്പുകളും അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത ബാഗേജുകൾ പ്രത്യേക മേഖലയിലേക്കു മാറ്റും. ഉടമകൾ ഇതു വേറെ പായ്ക്ക് ചെയ്തു നൽകണം. സുഗമമായ യാത്രയ്ക്കുള്ള ക്രമീകരണങ്ങളുടെ ഭാഗമാണിതെന്നും എല്ലാ യാത്രക്കാരും സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എല്ലാ വിമാനങ്ങൾക്കും ഇതു ബാധകമാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത ബാഗേജുകൾ യാത്രക്കാർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നതിനാൽ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞവർഷം തന്നെ ഈ നിയമം നിലവിൽ വന്നിരുന്നു.