കുമ്പള(www.mediavisionnews.in):: മുന്ന് പതിറ്റാണ്ടുകൾക്കുശേഷം മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ഫെസ്റ്റ് നടത്തുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന് പരിപാടികൾക്ക് തുടക്കമാവും. മുമ്പ് ഇവിടെ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്ന കൂട്ടായ്മയിലെ അംഗങ്ങൾ ജീവിതമാർഗങ്ങൾതേടി വിവിധഭാഗങ്ങളിൽ പോയതാണ് ഫെസ്റ്റ് നിന്നുപോകാനിടയാക്കിയത്.
ഇപ്പോൾ സംഘാടകരിൽ ഭൂരിഭാഗവും നാട്ടിൽ സംഗമിച്ചതോടെ മീലാദ് ഫെസ്റ്റിന് വഴിതെളിഞ്ഞു. ‘ദീനി സേവനരംഗത്തെ മുസ്‌ലിം സ്ത്രീകൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഹഫ്‌സത്ത് പടന്ന ക്ലാസെടുക്കും. എം.എ.റഹ്‌മാൻ അധ്യക്ഷതവഹിക്കും. ജുമുഅ്ക്ക് ശേഷം വലിയ ജുമാമസ്ജിദ് ഖത്തീബ് മുജീബ്‌റഹ്‌മാൻ നിസാമി, ഷാഫി ജുമാമസ്ജിദ് ഇമാം അബ്ദുൾകരീം ഫൈസി എന്നിവർ മൗലുദ് പാരായണം നടത്തും. വൈകീട്ട് മൂന്നരയ്ക്ക് പഴയകാല പ്രവർത്തകൻ എം.പി.എ.റഹ്‌മാൻ അനുസ്മരണച്ചടങ്ങ് നടത്തും. എം.എ.മൂസ അനുസ്മരണപ്രഭാഷണം നടത്തും.
നാലിന് മദ്രസാവിദ്യാർഥികളുടെ കലാമത്സരങ്ങൾ അരങ്ങേറും. വൈകീട്ട് ആറരയ്ക്ക് സമാപനസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗം എം.എ.ഖാസി മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. ‘നന്മയുടെ കൂട്ടായ്മകൾ’ എന്ന വിഷയത്തിൽ സലാം വാഫി മലപ്പുറം പ്രഭാഷണം നടത്തും. രാത്രി എട്ടരയ്ക്ക് പൂർവവിദ്യാർഥികളുടെ കലാമത്സരം നടക്കും. ക്വിസ്‌മത്സരം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയുമുണ്ടാകും.
വാർത്ത സമ്മേളനത്തിൽ എം എ മൂസ, എം എം റഹ്മാൻ, എം എ അബ്ദുൽ റഹിമാൻ യു എ ഇ, എം പി അബ്ദുൽ ഖാദർ, സി എച്ച് ഖാദർ, ഷാഫി മീലാദ് നഗർ, ടി.പി അബ്ദുല്ല, റിയാസ് മൊഗ്രാൽ, എം എ ഹംസ, ബി എ മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ എം, അബ്കോ മുഹമ്മദ്, കെ പി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.