മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കി. ശനിയാഴ്ച ചേർന്ന ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ വെള്ളിയാഴ്ചമുതൽ രാത്രിസേവനം നിർത്തലാക്കാൻ ആലോചിച്ചിരുന്നുവെങ്കിലും നിലവിലുള്ള ഡോക്ടർമാർ അധികസമയം ജോലി ചെയ്തുവരികയായിരുന്നു.
ആകെ ഒൻപത് ഡോക്ടർമാരുടെ തസ്തികയാണിവിടെ അനുവദിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ഡോക്ടർമാർ മാത്രമാണുള്ളത്. നാല് സിഎംഒമാരിൽ രണ്ടുപേരും മൂന്ന് അസി. സർജൻമാരിൽ ഒരാളും മാത്രമേയുള്ളൂ. സൂപ്രണ്ടിന്റെ തസ്തികയിലും ആളില്ല. സീനിയർ അസി. സർജ്ജനാണ് സൂപ്രണ്ടിന്റെ ചുമതലയും വഹിക്കുന്നത്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസവും 800-ലേറെ രോഗികൾ ചികിത്സതേടിയെത്തുന്നുണ്ട്. രാത്രികാല സേവനം നിർത്തലാക്കുന്നത് രോഗികൾക്ക് ദുരിതമാകും. രണ്ട് വർഷം മുൻപ് രാത്രികാല സേവനം നിർത്തലാക്കിയതിനെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. തുടർന്ന് ചികിത്സ പുനരാരംഭിക്കുയായിരുന്നു. ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ആസ്പത്രി ആയതിനാൽ അപകടങ്ങളും മറ്റ് അത്യാഹിതങ്ങളുമായി ആളുകൾ ചികിത്സതേടി ആദ്യമെത്തുന്നത് ഇവിടെയാണ്. രാത്രി സേവനമില്ലാത്തതിനാൽ ഇനി മംഗളൂരുവിലേക്കൊ കാസർകോട്ടേക്കൊ പോകേണ്ട ഗതികേടിലാണ് രോഗികൾ.