മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

0
9

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കാന്‍ ചില അംഗീകൃത ഡിവൈസുകള്‍ പറയുന്നുണ്ട്. അതില്‍ എവിടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നില്ലെന്ന് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എം ഷാജി പറഞ്ഞു.

രേഖകള്‍ പരിശോധിക്കാം എന്നതിനപ്പുറത്തേക്ക് മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് നിയമലംഘനം കണ്ടെത്തിയാല്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഗുരുതര ചട്ടലംഘനം നടക്കുന്നതെന്നും പി എം ഷാജി ചൂണ്ടികാട്ടി. ടാര്‍ഗെറ്റ് തികയ്ക്കാന്‍ വഴിയില്‍ പോകുന്നവരുടെയൊക്കെ ചിത്രമെടുത്ത് പിഴയൊടുക്കുന്ന പ്രവണത ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് നിയമം മനസ്സിലാവാത്തത് കൊണ്ടാണോ ടാര്‍ഗെറ്റ് തികയ്ക്കാനുള്ള പെടാപ്പാടാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിനോ എംവിഡിക്കോ ഫോണിലൂടെ പിഴ ചുമത്താന്‍ കഴിയില്ല. പരിശോധനകള്‍ക്ക് ഉപയോഗിക്കേണ്ടത് അംഗീകൃത ക്യാമറകള്‍ മാത്രമാണ്. ഇത്തരത്തില്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് സ്വകാര്യതയുടെ ലംഘനം കൂടിയാണെന്ന പരാതിയും ഉയരുന്നുണ്ട്. 2021 ന് ശേഷമാണ് ഇത്തരമൊരു ചട്ടം വരുന്നത്. എന്നാല്‍ മൊബൈലില്‍ ഫോട്ടോ എടുത്തുള്ള വാഹന പരിശോധന സംസ്ഥാനത്ത് വ്യാപകമാണ്.

ചട്ട പ്രകാരം ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ പിഴ ഈടാക്കാവൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്. നിയമപരമല്ലാത്ത ഇത്തരം കേസുകള്‍ ഒഴിവാക്കണം. പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചുമത്തിയ ഇത്തരം പിഴകള്‍ ഒഴിവാക്കുമെന്നും നിയമപരമല്ലാത്ത ഈ പിഴ തുക തിരിച്ചു നല്‍കേണ്ടിവരുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷർ പറഞ്ഞിരുന്നു. സര്‍ക്കാരിന് ഉണ്ടാവുക കോടികളുടെ വരുമാനനഷ്ടമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here