കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.ഇനിയും റെയ്ഡുകൾ നടക്കും. റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതി.ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഗോകുലം ഓഫീസുകളിലെ റെയ്‌ഡ് കാരണം എമ്പുരാൻ സിനിമയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഊണ് കഴിക്കുന്ന എല്ലാവർക്കും ഇക്കാര്യം വ്യക്തമാണെന്നും സതീശൻ പറഞ്ഞു.
ഇഡി റെയ്ഡിൽ അത്ഭുതമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എമ്പുരാൻ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.