ഭാരതീയ കിസാന്‍ സംഘ് ‘കാര്‍ഷിക നവോത്ഥാന യാത്ര’ നാളെ മഞ്ചേശ്വരത്ത് നിന്നാരംഭിക്കും

0
13

കാസര്‍കോട്: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും, കേരള കാര്‍ഷിക ബദല്‍ നിര്‍ദേശിച്ചും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന യാത്രക്ക് നാളെ മഞ്ചേശ്വരത്ത് തുടക്കമാകും. ബുധനാഴ്ച രാവിലെ 9 മണിക്ക് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തില്‍ നിന്നാരംഭിച്ച് 28 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യ മംഗലം ആണ് യാത്ര നയിക്കുന്നത്. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍, കോള്‍ നിലങ്ങള്‍, എന്നിവ യാത്രയുടെ ഭാഗമായി സന്ദര്‍ശിച്ച് രണ്ട് ലക്ഷം കര്‍ഷകരുമായി നേരിട്ട് സംവദിക്കും. യാത്രയുടെ ഭാഗമായി വിവിധയിടങ്ങളില്‍ കര്‍ഷകരെ ആദരിക്കും. കര്‍ഷകരെ രാജ്യ സേവകരായി പ്രഖ്യാപിക്കുക, കാര്‍ഷിക ലോണുകള്‍ പലിശരഹിതമാക്കുക, കാര്‍ഷിക ആവശ്യത്തിന് വൈദ്യുതിയും പ്രാഥിമിക ചിലവും സൗജന്യമാക്കുക, 60 വയസ് തികഞ്ഞ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കൃഷിഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക, വന്യ ജീവികളുടെ ആക്രമണം തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അശോക് കുമാര്‍ ഹൊള്ള, ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് രാമ എന്‍.കളത്തൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിനോദ് കുമാര്‍ ബായാര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here