നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കണമെന്നറിയിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങളെത്തുന്നു. ഫോണിലെ പാസ്വേഡുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍നേടി തട്ടിപ്പുനടത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ വാട്സാപ്പ് സന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചിട്ടുള്ളത്.
സന്ദേശത്തിലുള്ള ‘ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ടിഒ’ എന്ന പേരിലുള്ള ആപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും. ഇതിനെതിരേ മോട്ടോര്‍വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്‍പ്പെടെ ജാഗ്രതാനിര്‍ദേശം നല്‍കിത്തുടങ്ങി.
വാഹനത്തിന്റെ നമ്പറുള്‍പ്പെടെ നല്‍കിയാണ് പിഴസന്ദേശങ്ങളെത്തുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാതെ സഞ്ചരിക്കുന്നതിനോ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തുന്ന സന്ദേശത്തില്‍ പിഴത്തുകയും പറയുന്നുണ്ട്. നിയമലംഘനത്തിന്റെ തെളിവായുള്ള ചിത്രംലഭിക്കാന്‍ താഴെയുള്ള ആപ്പ് എത്രയുംപെട്ടന്ന് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം.
ഈ സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കില്‍ കര്‍ശന നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയും സന്ദേശത്തിനൊപ്പമുണ്ട്. തുടര്‍ന്നാണ് ‘ഇ-ചലാന്‍ റിപ്പോര്‍ട്ട് ആര്‍ടിഒ’ എന്ന എപികെ ഫയലിന്റെ ലിങ്ക് നല്‍കുന്നത്. 8.8 എംബി ഡേറ്റയുള്ള ഫയല്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും. ഇതിലൂടെ ബാങ്കിന്റെ വിവരങ്ങള്‍, പാസ്വേഡുകള്‍, ഒടിപി ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട വിവരങ്ങള്‍ നേടാന്‍ തട്ടിപ്പുകാര്‍ക്കാകും.
ഓണ്‍ലൈന്‍വഴി പണംതട്ടാനും ഇത് വഴിവെക്കുമെന്നതാണ് പ്രശ്നം. സ്വന്തംവാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ കാണുന്നതോടെ ഇത് സത്യമെന്നരീതിയില്‍ കൂടുതല്‍ ആലോചിക്കാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തുപോകുന്നതാണ് പലരും തട്ടിപ്പില്‍പ്പെട്ടുപോകാനിടയാകുന്നത്.
പിഴ പരിശോധിക്കാം… ഇങ്ങനെ
പിഴയടയ്ക്കാനുള്ള സന്ദേശംവന്നാല്‍ കൂടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ https//echallan.parivahan.gov.in എന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക. ഇതില്‍ ചലാന്റെ നമ്പറോ വാഹനത്തിന്റെ നമ്പറോ നല്‍കിയാല്‍ പിഴയടയ്ക്കാനുണ്ടോ എന്നത് അറിയാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
മോട്ടോര്‍ വാഹനവകുപ്പോ പോലീസോ പിഴയടയ്ക്കാന്‍ വാട്‌സാപ്പ് സന്ദേശങ്ങളയയ്ക്കാറില്ലെന്നും അധികൃതര്‍ പറയുന്നു. ഇനി എതെങ്കിലും തരത്തില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം നഷ്ടമായാല്‍ വേഗം 1930 എന്ന നമ്പറില്‍വിളിച്ച് പരാതി അറിയിക്കണമെന്നും അധികൃതര്‍ പറയുന്നു.