കാസര്‍കോട്: കുമ്പള പുഴയ്ക്ക് കുറുകെയുള്ള അടച്ചിട്ട കഞ്ചികട്ട പാലം ഇരുചക്ര, മൂചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാനാകുന്ന തരത്തില്‍ തുറക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ഐ.മുഹമ്മദ് റഫീഖ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.
2024 മാര്‍ച്ചിലാണ് അധികൃതര്‍ പാലം അടച്ചിട്ടത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ്. കഞ്ചികട്ട, കുണ്ടാപ്പു, താഴെ ആരിക്കാടി, താഴെ കൊടിയമ്മ, ചത്രം പള്ളം, ചൂരിത്തടുക്ക, കൊടിയമ്മ പ്രദേശങ്ങളിലെ നൂറ് കണക്കിന് കര്‍ഷകര്‍, തൊഴിലാളികള്‍,വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു.
പുതിയ പാലത്തിന്റെ ഡിസൈന്‍ ഡി.പി.ആര്‍ എന്നിവ തയ്യാറായിട്ടുണ്ട്. ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്തിട്ടില്ല. നടപ്പ് വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാലേ പാലം പണി വേഗത്തിലാക്കാന്‍ സാധിക്കൂ. അതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതില്‍ ഇടപ്പെട്ട് അടച്ചിട്ട പാലം ഇരുചക്ര മൂചക്ര വാഹനങ്ങള്‍ക്കായി തുറന്ന് നല്‍കുന്നതിനും പുതിയ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി 2025-26 വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉപ്പെടുത്തി യുദ്ധകാലടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും റഫീഖ് നല്‍കിയ പരാതിയില്‍ പറഞ്ഞു.