കൊച്ചി/ കാസര്‍കോട്: പൈവളിഗെ പഞ്ചായത്ത് പരിധിയിലെ താമസക്കാരിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെയും അയല്‍ക്കാരനായ ഓട്ടോ ഡ്രൈവറുടെയും മരണം ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദമായ റിപ്പോര്‍ട്ട് രാസപരിശോധനയ്ക്കു ശേഷമേ ലഭിക്കുകയുള്ളു. 20 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
ഫെബ്രുവരി 11ന് രാത്രി കാണാതായ പെണ്‍കുട്ടിയെയും ഓട്ടോ ഡ്രൈവറെയും മാര്‍ച്ച് 9 ഞായറാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനു സമീപത്തെ അക്വേഷ്യ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുമായിരുന്നുവോയെന്നു കോടതി ആരാഞ്ഞു. പാവപ്പെട്ടവരെയും വിഐപികളെയും ഒരേ കണ്ണിലൂടെ തന്നെ കാണണം. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച നേരില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ തിരോധാന കേസ് അന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ച ഉണ്ടായതായും കോടതി നിരീക്ഷിച്ചു