ദേഹത്ത് ഒട്ടിച്ച് ആവശ്യക്കാർക്ക് എത്തിക്കും, 10 വയസ്സുകാരനെ ഉപയോഗിച്ച് MDMA വിൽപന; പിതാവ് അറസ്റ്റിൽ

0
21

തിരുവനന്തപുരം: പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്‍പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് പറഞ്ഞു.

കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എം.ഡി.എം.എ. സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി, ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

തിരുവല്ലയിലെ സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.ഡി.എം.എയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മുഹമ്മദ് ഷമീര്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here