രോഗബാധ; കാസർകോട് ജില്ലയിലെ അടയ്ക്ക കർഷകർ പ്രതിസന്ധിയിൽ; ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ അനുമതി വേണമെന്ന് കിസാൻ സേന

0
39

കാസർകോട്: അടയ്ക്കയുടെ ഉൽപ്പാദനം ഓരോ വർഷവും ഗണ്യമായി കുറയുന്നതിൽ കവുങ്ങ് കർഷകർ പ്രതിസന്ധിയിലാണ്. വർധിച്ചുവരുന്ന രോഗ ബാധയെ കൃത്യ സമങ്ങളിൽ ചെറുക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് സർക്കാർ അനുമതി നൽകണമെന്ന് കിസാൻ സേന ജില്ലാകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങ് കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ജില്ലയിൽ 19,500 ഹെക്‌ടർ ഭൂമിയിൽ കവുങ്ങ് കൃഷി ചെയ്യുന്നു. ഇതിൽ രണ്ട് ലക്ഷം ക്വിൻ്റലിലേറെ അടയ്ക്ക ഉൽപാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വിവിധ രോഗങ്ങൾ കാരണം അടയ്ക്ക ഉത്പാദനം കുറഞ്ഞു. മഞ്ഞരോഗം, ഇലക്കുത്ത്, പുങ്കുല കരിയൽ, മഹാളി എന്നീ രോഗങ്ങൾ കാരണം കവുങ്ങുകൾ നശിച്ചു കൊണ്ടിരിക്കുന്നു. ഇലക്കുത്ത് രോഗം വേഗത്തിൽ പടരുന്നതിനാൽ എല്ലാ പ്രദേശങ്ങളിലും അടയ്ക്ക ഉത്പാദനം ഇത്തവണ എൺപത് ശതമാനമായി കുറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഏത് തരം കീടനാശിനിയാണ് ഉപയോഗിക്കേണ്ടതെന്നറിയാതെ കർഷകർ സങ്കടത്തിലാണ്. സി.പി.സി.ആർ.ഐ അധികൃതർ മരുന്നിനെക്കുറിച്ച് വിവരം നൽകിയെങ്കിലും സമയബന്ധിതമായി തളിക്കാൻ കഴിയുന്നില്ല.

അഞ്ച് തവണകളായി മരുന്ന് പ്രയോഗം നടത്തിയാൽ മാത്രമേ പ്രയോജനമുണ്ടാകുയെന്നാണ് പറയുന്നത്. ഉൽപ്പാദനം കുറഞ്ഞത് കാരണം കടക്കെണിയിലാണ് അടയ്ക്ക കർഷകർ. അതിനാൽ മരുന്ന് തളിക്കാൽ കഴിയുന്നില്ല. ഇത്തരം ജോലിക്ക് തൊഴിലാളികളെ കിട്ടാത്തതും പ്രശ്നമാണ്. കടബാധ്യതയുള്ള കർഷകർ വായ്പ തിരിച്ചടക്കാനാകാതെ ആത്മഹത്യ വക്കിലാണ്. വന്യജീവികളുടെ ശല്യവും വലിയ പ്രതിസന്ധിയായി നിൽക്കുന്നു. വന്യ ജീവികളെ ഭയന്ന് കൃഷിയിടങ്ങളിലേക്ക് ഭീതിയോടെയാണ് കർഷകർ പോകുന്നത്. വന്യ ജീവി ആക്രമത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പുത്തിഗെയിലെ ബാലസുബ്രമണ്യം എന്ന കർഷകൻ്റെ മുപ്പതോളം കവുങ്ങ് കെ.എസ്.ഇ.ബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ എത്രയും വേഗം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി കിസാൻ സേന മുന്നോട്ട് പോകുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. എല്ലാ അടയ്ക്ക കർഷകർക്കും കർഷകരുടെ ഭൂവിസൃതി നോക്കാതെ സൗജന്യമായി ഒരുന്ന് തളിക്കാൻ സംവിധാനം ഉണ്ടാക്കുക,കാർഷിക വായ്‌പ കാലാവധി പലിശയില്ലാതെ മൂന്ന് വർഷം വരെ നീട്ടുക, സ്വത്ത് ലേലം, ജപ്ത‌ി എന്നിവ നിർത്തിവെക്കുക, കാർഷിക വായ്‌പയുടെ നിലവിലുള്ള എല്ലാ പലിശയും എഴുതി തള്ളുക, ഇലക്കുത്ത് രോഗം ഫസൽ ഭീമാ പദ്ധതിയിൽ പോളിസി പദ്ധതിയായി ഉൾപ്പെടുത്തുക വന്യജീവികളിൽ നിന്നുണ്ടായ കൃഷിനാശത്തിന് തക്കതായ പരിഹാരം നൽകുക, ജലസേചനത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി പമ്പുകൾക്ക് എല്ലാ കർഷകർക്കും സൗജന്യ വൈദ്യുതി നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവം പരിഗണിച്ച് കവുങ്ങ് കർഷകരെ ദുരിതത്തിൽ നിന്നും രക്ഷിക്കണമെന്ന് കിസാൻ സേന ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി, ധനമന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയാതായി കിസാൻ സേന ജില്ലാ പ്രസിഡൻ്റ് ഗോവിന്ദ ഭട്ട് കോട്ടങ്കുളി, ജന.സെക്രട്ടറി ഷുക്കൂർ കണാജെ, ജോ.സെക്രട്ടറി സച്ചിൻ കുമാർ എം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here