കാസർകോട് ∙ കർണാടകയിൽ വൈദ്യുതി ലൈൻ തകരാർ കാരണം കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ലോഡ് ഷെഡിങ്.അര മണിക്കൂർ വീതമാണ് ഫീഡർ മാറി ലോഡ് ഷെഡിങ് എങ്കിലും ലോഡ് കൂടുന്തോറും ഷെഡിങ് കൂടാനും സാധ്യത ഏറെയാണ്. 5 ദിവസം ഷെഡിങ് തുടരുമെന്നാണ് ട്രാൻസ്മിഷൻ ഡിവിഷൻ അറിയിച്ചിട്ടുള്ളത്. ജില്ലയിലെ മഞ്ചേശ്വരം, കുബനുർ സബ്സ്റ്റേഷൻ പരിധിയിൽ കർണാടക വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. 50 മെഗാവാട്ട് വൈദ്യുതിയാണ് അവിടെ നിന്നു ലഭിച്ചുവരുന്നത്. അത് 10 മെഗാവാട്ട് ആയി കുറച്ചു. കർണാടകയിൽനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ ഹെഗന്ഞ്ചെ വരാഹി 220 കെവി ലൈൻ ഭാഗത്ത് അത്യാവശ്യ അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം.
മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ 8 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കാസർകോട് ഇലക്ട്രിക്കൽ ഡപ്യൂട്ടി സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചിട്ടുള്ളത്. മയിലാട്ടി 220 കെവി ലൈനിൽ നിന്ന് വിദ്യാനഗർ 110 കെവി ലൈനിലേക്ക് ലോഡ് താങ്ങാനുള്ള ശേഷിക്കുറവും പ്രധാന പ്രശ്നമായി തുടരുന്നുണ്ട്. നിലവിൽ കനത്ത ചൂട് കാരണം എസി ഉൾപ്പെടെ ഉപയോഗം വൻതോതിൽ കൂടിയതിനൊപ്പം നിലവിലുള്ള ലൈനിന് ലോഡ് താങ്ങാനുള്ള ശേഷി കുറഞ്ഞിട്ടുമുണ്ട്. കർണാടകയിൽ അറ്റകുറ്റപ്പണി തീർന്നാലും വരും ദിവസങ്ങളിൽ ലോഡ് കൂടുന്നത് ലോഡ് ഷെഡിങ് തുടരാൻ ഇടയാക്കുമെന്നാണ് സൂചന.
കുബനൂർ, മഞ്ചേശ്വരം, കാസർകോട് വിദ്യാനഗർ, മുള്ളേരിയ 110 കെവി, പെർള, ബദിയടുക്ക, അനന്തപുരം, കാസർകോട് 33 കെവി സബ്സ്റ്റേഷൻ പരിധികളിലാണ് കർണാടകയിലെ വൈദ്യുതി മുടക്കവും അധിക ലോഡും ബാധിക്കുക. വിദ്യാർഥികളുടെ പരീക്ഷ, റമസാൻ വ്രതാചരണം തുടങ്ങിയവയെ ലോഡ് ഷെഡിങ് സാരമായി ബാധിക്കും. ഇതു കൂടാതെ ജല അതോറിറ്റി മുഖേന ലഭിക്കുന്ന ജലവിതരണം, കൃഷി ജലസേചനം, വിവിധ ഇന്റർനെറ്റ് സേവനം, വ്യാപാര മേഖല തുടങ്ങിയവയ്ക്കെല്ലാം ലോഡ് ഷെഡിങ് പ്രതിസന്ധിയാവും. പതിവ് വൈദ്യുതി അറ്റകുറ്റപ്പണിയും ലൈൻ മാറ്റൽ പ്രവൃത്തിയും കാരണവും ജില്ലയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ട്. ഇതിനു പുറമേയാണ് ലോഡ് ഷെഡിങ് മുഖേനയുള്ള പ്രഹരവും ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്.