ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താൽ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയിൽ പറയുന്നു.
ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ടാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ, മാനവ് തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. കൂടാതെ ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവർ വളരെ ഏകാന്തത അനുഭവിക്കുന്നുവെന്നും മാനവ് പറയുന്നു. അതേസമയം തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് മാനവ് ഭാര്യയോടായി പറയുന്നു. കൂടാതെ താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തുന്നു.
സംഭവത്തിന് പിന്നാലെ മാനവ് ശർമ്മയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് മാനവിന്റെ ഭാര്യ നികിത പറഞ്ഞു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നും നേരത്തെയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും നികിത പറഞ്ഞു. ഇക്കാര്യം താൻ മാതാപിതാക്കളോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഞാൻ പറഞ്ഞതെല്ലാം അവർ അവഗണിക്കുകയായിരുന്നുവെന്നും നികിത പറഞ്ഞു.