കാഞ്ഞങ്ങാട് ∙ ജില്ലയിൽ കുറവില്ലാതെ മുണ്ടിനീര് വ്യാപനം. ഈ വർഷം ഇന്നലെ വരെ മാത്രം ആയിരത്തിലധികം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 1076 പേരാണു മുണ്ടിനീര് ബാധിച്ചു ചികിത്സ തേടിയത്. ഇതിൽ കൂടുതലും കുട്ടികളാണ്. ഈ മാസം മാത്രം 303 പേർ ചികിത്സ തേടി. ഇന്നലെ മാത്രം 21 പേർക്കു മുണ്ടിനീര് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജില്ലയിൽ അയ്യായിരത്തിലധികം പേർക്കാണു മുണ്ടിനീര് സ്ഥിരീകരിച്ചത്. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം പാരമിക്സോവെരിഡെ വിഭാഗത്തിലെ മംപ്സ് വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണു ബാധിക്കുന്നത്.
രോഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളെ
5 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികളെയാണു രോഗം കൂടുതൽ ബാധിക്കുന്നത്. മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളേക്കാൾ ഗുരുതരമാകുന്നതു മുതിർന്നവരിലാണ്.
ലക്ഷണങ്ങൾ ഇവ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണു പ്രധാനമായി വീക്കമുണ്ടാകുന്നത്. ഇതു മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണു പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവുമാണു മറ്റു ലക്ഷണങ്ങൾ.
ശ്രദ്ധ വേണം
പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്കു ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.