കാസർകോട് : ദേശീയപാതയോരത്ത് സർവീസ് റോഡിന്റെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. റോഡരികിലെ മാലിന്യങ്ങളിൽനിന്ന് കണ്ടെത്തിയ മേൽവിലാസം പ്രകാരം മംഗൽപാടി കൈക്കമ്പയിലെ രണ്ട് ബേക്കറി ഉടമകൾക്കും മഞ്ചേശ്വരം ചെക് പോസ്റ്റിനടുത്തുള്ള വ്യക്തികൾക്കും 12,000 രൂപ പിഴ ചുമത്തി.
വലിച്ചെറിയുന്നവരെ കണ്ടെത്താൻ ക്യാമറ സ്ഥാപിക്കുന്നതിനും തുടർപരിശോധനകൾക്കും ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി.
മഞ്ചേശ്വരത്തുള്ള അപ്പാർട്ട്‌മെന്റിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിന് ഉടമയിൽനിന്ന് 5,000 രൂപ പിഴയീടാക്കി. ക്വാർട്ടേഴ്സുകളിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്തത് വലിച്ചെറിയലിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാൽ റിങ് കമ്പോസ്റ്റ് സൗകര്യമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ഫ്‌ലാറ്റ്/ക്വാർട്ടേഴ്സ് ഉടമകൾക്ക് പിഴ ചുമത്തുന്നുണ്ട്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ.വി. മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ രാജ്, സ്‌ക്വാഡ് അംഗം ഇ.കെ. ഫാസിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.