മംഗളൂരു : രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡെ (30) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കേരള രജിസ്‌ട്രേഷനുള്ള ടെമ്പോയും പോലീസ് പിടിച്ചെടുത്തു. ടെമ്പോയിൽനിന്ന് 85 കിലോയും കാറിൽനിന്ന് 34 കിലോയും കഞ്ചാവ് പിടിച്ചെടുത്തു. മീൻ കൊണ്ടുപോകുന്ന ട്രേയിൽ 40 പൊതികളിലായി ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്.
മോഷണം, ലഹരിവില്പന, ആയുധം കൈവശംവെക്കൽ തുടങ്ങി 12 കേസുകളിൽ പ്രതിയാണ് മൊയ്തീൻ ഷബീറെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികൾക്കെതിരേയും വിവിധ ലഹരിക്കേസുകൾ നിലവിലുണ്ട്.