ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്‌ബസുമായുള്ള അഭിമുഖത്തിലാണ് സെവാഗ് ഈ അഞ്ച് താരങ്ങളുടെ പേര് പറഞ്ഞത്. അഞ്ച് താരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങളുടെ പേരാണ് സെവാഗ് പറഞ്ഞത്. മറ്റ് മൂന്ന് താരങ്ങൾ സൗത്ത് ആഫ്രിക്ക, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, ഇൻസമാം ഉൽ ഹഖ്, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നീ താരങ്ങളുടെ പേരാണ് സെവാഗ് പറഞ്ഞത്. ക്രിസ് ഗെയ്‌ലിനെ അഞ്ചാമതായാണ് സെവാഗ് തെരഞ്ഞെടുത്തത്. ഡിവില്ലിയേസിനെ നാലാമതായും തെരഞ്ഞെടുത്തു.
2008 മുതൽ 2010 വരെ ഐപിഎല്ലിൽ ഡൽഹി ടീമിൽ ഡിവില്ലിയേസും സെവാഗും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മൂന്നാമതായി മുൻ പാക് താരം ഇൻസമാം ഉൾ ഹഖിനെയാണ് സെവാഗ് തെരഞ്ഞെടുത്തത്. 19900-2000 കാലഘട്ടത്തിൽ പാകിസ്താൻ ക്രിക്കറ്റിൽ ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയ താരമാണ് ഇൻസമാം.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളും ഇന്ത്യയിൽ നിന്നാണ്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരെയാണ് സെവാഗ് തെരഞ്ഞെടുത്തത്. സച്ചിന് രണ്ടാം സ്ഥാനവും കോഹ്‌ലിക്ക് ഒന്നാം സ്ഥാനവുമാണ് സെവാഗ് നൽകിയത്. സച്ചിനൊപ്പം ദീർഘകാലം ഇന്ത്യൻ ടീമിന്റെ ഓപ്പണിങ്ങിൽ സെവാഗ് കളിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിൽ സച്ചിനും കോഹ്‌ലിയും സെവാഗും പങ്കാളികളായിട്ടുണ്ട്.