മംഗളൂരു: മതപരമായ ആചാരങ്ങളുമായി രാഷ്ട്രീയം കൂട്ടിക്കലർത്തുന്നതിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. മംഗളൂരു സന്ദർശനത്തിനിടെ പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ താൻ കുളിക്കുന്നതായി കാണിക്കുന്ന മോർഫ് ചെയ്ത ചിത്രം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കുംഭമേളയിൽ പങ്കെടുക്കാൻ അനുമതി വേണോ എന്ന് കുറച്ച് സുഹൃത്തുക്കൾ ചോദിച്ചിരുന്നു. മതവിശ്വാസങ്ങളോട് തനിക്ക് എതിർപ്പില്ല. അത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, മതത്തിന്റെ രാഷ്ട്രീയവത്കരണമാണ് തന്നെ ദുഃഖിപ്പിക്കുന്നത്. അത്തരം ആചാരങ്ങളിൽ ഏർപ്പെടുന്നവർ യഥാർഥ ഹിന്ദുക്കളല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.പ്രശാന്ത് സംബർഗി പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ആക്ഷേപകരമായ അടിക്കുറിപ്പോടെ തന്റെ എ.ഐയിൽ നിർമിച്ച മോർഫ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തെ പ്രകാശ് രാജ് അപലപിച്ചു.
‘ആരെങ്കിലും സർക്കാറിനെയോ വ്യക്തിയെയോ വിമർശിക്കുന്നു എന്ന കാരണത്താൽ വാട്ട്സ്ആപ്പിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണ്. അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. എ.ഐ ഒരു ശക്തമായ സാങ്കേതികവിദ്യയാണ്. പക്ഷേ, വ്യക്തിപരമായ അജണ്ടകൾക്കായി ചിത്രങ്ങൾ കൈകാര്യം ചെയ്യാൻ അത് ഉപയോഗിക്കുന്നത് കുറ്റകരമാണ്. അത്തരം പ്രവർത്തനങ്ങൾക്കല്ല, പുരോഗതിക്കാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്’ -അദ്ദേഹം പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതിപക്ഷം ജയിക്കുന്നില്ല; ഭരണകക്ഷി തോൽക്കുന്നു. ഇന്ന് കോൺഗ്രസ് അധികാരത്തിലാണെങ്കിൽ, നാളെ അവരും തോറ്റേക്കാം – ഇതെല്ലാം ഭരണത്തെ ആശ്രയിച്ചിരിക്കുന്നു. സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ പൗരന്മാർക്ക് അവരുടെ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് ചോദ്യം ചെയ്യാൻ അവകാശമുണ്ട്. ഭക്തരുടെ വഴിപാടുകളിൽ ഒരു ക്ഷേത്രം പ്രവർത്തിക്കുന്നതുപോലെ നികുതിദായകരുടെ പണം കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്.
ഭരണത്തിലെ പരാജയം എവിടെയാണ്? അതാണ് നമ്മൾ ചോദിക്കേണ്ടത്.ദരിദ്രർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് അവരെ പരാദങ്ങളാക്കുന്നുവെന്ന് സുപ്രീംകോടതി പറയുന്നു. എന്നാൽ കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളുന്നത് കോർപറേറ്റുകളെ പരാദങ്ങളാക്കുന്നുണ്ടോ? രാഷ്ട്രീയ പാർട്ടികളെ അന്ധമായി പിന്തുണക്കുന്നതിനുപകരം പൊതു ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നുവെന്ന് പൗരന്മാർ സൂക്ഷ്മമായി പരിശോധിക്കണം. രാഷ്ട്രീയക്കാർ ഭരണാധികാരികളല്ല, അവർ ജനങ്ങളുടെ സേവകരാണ്-പ്രകാശ് രാജ് പറഞ്ഞു.