പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ചരിത്രപരമായ ഹിജ്‌റ യാത്ര പുനഃരാവിഷ്‌കരിക്കുന്ന സാംസ്‌കാരിക പദ്ധതി സൗദി അറേബ്യ അവതരിപ്പിച്ചു. സന്ദര്‍ശകര്‍ക്ക് ചരിത്രപരവും ആത്മീയവുമായ ആഴത്തിലുള്ള അനുഭവം സമ്മാനിക്കുന്നതാണ് ഈ പദ്ധതി. മക്ക മുതല്‍ മദീന വരെയുള്ള 470 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 41 പ്രധാന നാഴികക്കല്ലുകള്‍ പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയിലെ ഹിജാസി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഉഹദ് പര്‍വതത്തിന് സമീപം നടന്ന ചടങ്ങില്‍ മദീനയിലെ അമീര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
കാലത്തിലൂടെ ഒരു യാത്ര
പ്രവാചകന്‍ മുഹമ്മദ് നബിയും അനുയായി അബൂബക്കര്‍ അല്‍ സിദ്ദീഖും പലായനം ചെയ്ത പാതയിലാണ് ഈ പദ്ധതി നടപ്പിലാക്കിരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ഈ പലായനം. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ചരിത്രസംഭവത്തെ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും ഇത് ഉത്തേജനമാകുമെന്ന് കരുതുന്നു. സൗദിയിലെ ചരിത്രസ്ഥാപനങ്ങള്‍ മറ്റ് പ്രമുഖസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങൾ
ലോകമെമ്പാടുനിന്നുമുള്ള 12,000 പേരെ ഒരു ദിവസം ഉള്‍ക്കൊള്ളാന്‍ ഈ യാത്രാ റൂട്ടിന് കഴിയും. തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി സുഖപ്രദവും ആകര്‍ഷവുമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗൈഡുകളുടെ സഹായം, ഡിജിറ്റല്‍ നാവിഗേഷന്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രവാചകന്റെ പലായനത്തെക്കുറിച്ച് വിപുലമായ അറിവ് നല്‍കുന്ന എട്ട് സ്റ്റേഷനുകളും 30 റെസ്റ്റൊറന്റുകളും 50 ഷോപ്പുകളും ഉള്‍പ്പെടെ 80ലധികം വാണിജ്യ സ്ഥാപനങ്ങളും ഈ റൂട്ടിലുണ്ട്.
സൗദിയുടെ സംസ്‌കാരവും ഇസ്ലാമിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതില്‍ ഈ പദ്ധതി ഒരു നാഴികക്കല്ലാണെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ തുര്‍ക്കി അലാല്‍ഷിഖിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ഔദ്യോഗികമായി തുറന്നു നല്‍കുന്നത് നവംബറില്‍
2025 നവംബറില്‍ പദ്ധതി പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്നു നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ പദ്ധതിയിലൂടെ ആഗോളതലത്തില്‍ പൈതൃക സംരക്ഷണത്തിനും ഇസ്ലാമിക വിനോദസഞ്ചാര മേഖലയിലേക്കുള്ള ആകര്‍ഷണം വ്യാപിപ്പിക്കുന്നതിനും അതിന്റെ നേതൃപരമായ പങ്ക് വിപുലപ്പെടുത്തുകയാണ് സൗദി.
ഹിജ്‌റ: ഇസ്ലാമിലെ ചരിത്രപരമായ വഴിത്തിരിവ്
മക്കയില്‍ നിന്ന് മദീനയിലേക്ക് (മുമ്പ് യത്‌രിബ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം) സിഇ 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയും അനുയായികളും നടത്തിയ പലായനമാണ് ഹിജ്‌റ എന്ന് അറിയപ്പെടുന്നത്.
മക്ക ഭരിച്ചിരുന്ന ഖുറൈഷ് ഗോത്രം സിഇ 622 മേയ് മാസത്തില്‍ പ്രവാചനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് ഹിജ്‌റ നടന്നത്.