ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോൾ ഫലം. ബിജെപിക്ക് 45-55 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടിക്ക് 15-25 സീറ്റ് വരെ ലഭിക്കുമെന്നും കോൺഗ്രസിന് 0-1 സീറ്റിന് മാത്രമേ സാധ്യതയുള്ളൂ എന്നും എക്‌സിറ്റ്‌പോൾ പറയുന്നു.
48 ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോൾ പറയുന്നത്. 42 ശതമാനം വോട്ട് എഎപി നേടും. ഏഴ് ശതമാനം വോട്ട് കോൺഗ്രസ് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ്‌പോൾ പറയുന്നു.
എക്‌സിറ്റ്‌പോൾ ഫലങ്ങൾ വിശ്വസിക്കേണ്ടതില്ല എന്ന നിലപാടിലാണ് എഎപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാകുമെന്നായിരുന്നു ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോളിൽ പറഞ്ഞിരുന്നു.
ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിക്കൊപ്പമാണ്. ബിജെപി 45-57 സീറ്റ് വരെ നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. എഎപി 13-25 സീറ്റ് വരെ നേടുമെന്നും കോൺഗ്രസ് 0-3 സീറ്റിൽ ഒതുങ്ങുമെന്നും ടുഡേയ്‌സ് ചാണക്യ പറയുന്നു.