ജില്ലയിൽ കാൻസർ സാധ്യത കണ്ടെത്തിയത് 40000 പേരിൽ; തുടർപരിശോധനയ്ക്ക് എത്തിയത് 1267 പേർ

0
35

കാഞ്ഞങ്ങാട്∙ കാൻസർ ബാധിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് ജില്ലയിൽ കണ്ടെത്തിയത് നാൽപതിനായിരത്തോളം ആളുകളെ. എന്നാൽ തുടർപരിശോധനയ്ക്ക് തയാറായത് വെറും 1267 പേർ മാത്രം. ഭയവും അറിവില്ലായ്മയും കാരണം ബഹുഭൂരിപക്ഷവും പരിശോധനകൾക്ക് എത്തുന്നില്ലെന്ന് വകുപ്പ് തന്നെ സമ്മതിക്കുന്നു. ജില്ലാ– ജനറൽ ആശുപത്രികളിൽ മാത്രമായി 4500ൽ അധികം ആളുകളാണ് ഇക്കാലയളവിൽ കീമോ തെറപ്പിയ്ക്ക് വിധേയരായത്. ഇവരിലേറെയും ജീവിതത്തിലേക്ക് തിരികെയെത്തി എന്നതാണ്  ഓർക്കേണ്ട വസ്തുത. ശൈലി ആപ് വഴി ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തിയ സ്‌ക്രീനിങ്ങിന്റെ ഭാഗമായി 5,99,702 പേരെ പരിശോധിച്ചതിന്റെ ആദ്യഘട്ടത്തിൽ 33,928 പേർക്ക് സ്തനാർബുദ സാധ്യതയും 5148 പേർക്ക് ഗർഭാശയഗള അർബുദ സാധ്യതയും ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

ആരോഗ്യം ആനന്ദം; അകറ്റാം അർബുദം
അവസാന ഘട്ടങ്ങളിലാണ് പലരും ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നത്. വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുന്ന രോഗമാണ് കാൻസർ. ഇത് മുന്നിൽ കണ്ടാണ് ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ ക്യാംപെയ്ൻ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സ്ത്രീകളിലെ കാൻസർ സാധ്യതകളാണ് പരിശോധിക്കുന്നത്. എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്തനാർബുദം ഇല്ലെന്ന് ഉറപ്പാക്കണം. ചെറിയ മുഴയാണെങ്കിലും പരിശോധിച്ച് കാൻസർ അല്ലെന്ന് ഉറപ്പ് വരുത്തണം. ജില്ലയിലെ ജില്ലാ ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹിക കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടായിരിക്കും പരിശോധന. ക്യാംപെയ്നിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് നഗരസഭാധ്യക്ഷ കെ.വി.സുജാത നിർവഹിക്കും.

വേദനരഹിത, റേഡിയേഷൻ ഫ്രീ സ്തനാർബുദ ക്യാംപ് ഇന്ന്
ജില്ലയിലെ ആദ്യത്തെ വേദനരഹിതവും റേഡിയേഷൻ ഫ്രീയുമായ സ്തനാർബുദ പരിശോധനാ ക്യാംപ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സമീപം എൻഎച്ച്എം ഹാളിൽ ഇന്ന് നടക്കും. കെജിഎംഒഎ നേതൃത്വം നൽകും. ആദ്യമെത്തുന്നവർക്കു മുൻഗണനാ അടിസ്ഥാനത്തിൽ റജിസ്‌ട്രേഷൻ നൽകും. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും: 7593972472

LEAVE A REPLY

Please enter your comment!
Please enter your name here