കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. മഴക്കാലത്തു പഴയ കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്താൽ നനഞ്ഞു വേണം ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിലെത്താൻ. പുതിയ ടിക്കറ്റ് കൗണ്ടറുകൾ വലിയ ഉയരത്തിൽ അല്ലാത്തതിനാൽ കുട്ടികൾക്കും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കും ജീവനക്കാരുമായി ആശയവിനിമയം നടത്താൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇതേ കൗണ്ടറിൽ ഇൻഫർമേഷൻ സെന്ററും ഒരുക്കിയതും ഏറെ സഹായകരമാകുമെന്നു യാത്രക്കാർ പറയുന്നു.
വരുന്നു, കൂടുതൽഎടിവിഎമ്മുകൾ
ഒന്നാം പ്ലാറ്റ്ഫോമിന്റെ പ്രവേശന കവാടത്തിനു സമീപത്തായി പത്തിലേറെ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുൾ(എടിവിഎം) സ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കി. ഇവിടെ 12 എടിവിഎം സ്ഥാപിക്കുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. നിലവിൽ 2 എടിവിഎം മെഷീനുകളാണു സ്റ്റേഷനിലുള്ളത്. അൺ റിസർവ്ഡ് ടിക്കറ്റുകൾ യുപിഐ സംവിധാനത്തിലൂടെയും നേരിട്ടു പണം നൽകിയും എടിവിഎമ്മിലൂടെ ലഭിക്കും. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കൊഴിവാക്കാൻ അൺറിസർവ്ഡ് ടിക്കറ്റുകൾ എടിവിഎമ്മിലൂടെ എടുക്കാനാണു യാത്രക്കാരോട് റെയിൽവേ നിർദേശിക്കുന്നത്.
എസി വിശ്രമകേന്ദ്രംഉടൻ
നേരത്തേ സ്റ്റേഷന്റെ മുൻവശത്തുണ്ടായിരുന്ന ടാക്സി സ്റ്റാൻഡും വാഹനങ്ങളുടെ പാർക്കിങ്ങും ഇവിടെനിന്നു മാറ്റിയിട്ടുണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് കേന്ദ്രം ഏറെ അകലെയാണുള്ളത്. അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി 24 കോടി രൂപയോളം ചെലവഴിച്ചു വികസന പ്രവൃത്തി തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. അടുത്ത വർഷത്തോടെ ഒന്നാംഘട്ട നവീകരണം പൂർത്തിയാകും. ഒന്നാം പ്ലാറ്റ്ഫോം നവീകരിക്കൽ പ്രവൃത്തി തുടരുകയാണ്.
സ്റ്റേഷൻ മാസ്റ്ററുടെ മുറികൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി. ട്രെയിനുകളുടെ പോക്കുവരവുകൾ കാണുന്നതിനായി വലിയ ടിവികൾ സ്ഥാപിച്ചുള്ള വിഡിയോ സംവിധാനമാണു സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ഒരുക്കിയിട്ടുള്ളത്. നേരത്തേ ടിക്കറ്റ് കൗണ്ടറായി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ എസി സൗകര്യങ്ങളോടെ യാത്രക്കാർക്കു പണം നൽകി വിശ്രമിക്കാനുള്ള മുറികളാണ് ഒരുക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി പൂർത്തിയായാൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി ഉൾപ്പെടെ തുടങ്ങാനാണു റെയിൽവേ ആലോചിക്കുന്നത്.