കാസര്‍കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ കലാ,കായിക, ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന കയ്യാര്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ 25-ാം വര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026 ജനുവരി 26 ന് ആഘോഷ പരിപാടികള്‍ സമാപിക്കും. പരിപാടിയുടെ ഭാഗമായി ദഫ് മുട്ട് മത്സരം, എ.ഐ സ്റ്റുഡന്‍സ് മീറ്റ്, യൂത്ത് എംപവര്‍മെന്റ്, വുമണ്‍ എംപവര്‍മെന്റ്, സൈബര്‍, ട്രാഫിക്ക്, ഡ്രഗ്‌സ് ബോധവല്‍ക്കരണം, നീന്തല്‍ പരിശീലനം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അവബോധം, മൈലാഞ്ചി ഫെസ്റ്റ്, കര്‍ഷക ദിനാചരണം, ഫുഡ് ഫെസ്റ്റ്, ചെസ്സ് മത്സരം എന്നിവ ഒരു വര്‍ഷത്തിനിടെ നടക്കും. 26 ന് വൈകിട്ട് 6.30ന് കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ അബൂബക്കര്‍ റോയല്‍ ബോളാര്‍ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ റോയല്‍ ബോളാര്‍, സെഡ്.എ കയ്യാര്‍, ഹുസൈന്‍ കെ.കെ നഗര്‍, സിദ്ധീഖ് ജോഡ്കല്ല്, നൗഷാദ് പട്ട്‌ള സംബന്ധിച്ചു.