പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍
വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി പുറത്തിറക്കിയിട്ടില്ല. അതേസമയം, നിലവിലെ രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ച് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു.
509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ ഇനിമുതല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 900 എസ്.എം.എസുകളും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, സൗജന്യ ഹലോട്യൂണ്‍ സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും.
നേരത്തെ 509 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 6 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇത് ഒഴിവാക്കി.
ദീര്‍ഘകാലത്തേക്ക് വോയിസ് കോള്‍, എസ്.എം.എസ്. സേവനങ്ങള്‍ മാത്രം ആഗ്രഹിക്കുന്നവര്‍ക്കായി 365 ദിവസം കാലാവധിയുള്ള മറ്റൊരു റീച്ചാര്‍ജ് പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1999 രൂപയാണ് ഒരുവര്‍ഷം കാലാവധിയുള്ള ഈ പ്ലാനിന്റെ നിരക്ക്. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3600 എസ്.എം.എസും ഇതില്‍ ലഭ്യമാകും. ഇതിനൊപ്പം എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, ഹലോട്യൂണ്‍ സേവനങ്ങളും ലഭിക്കും. നേരത്തെ ഇതേ നിരക്കിലുള്ള പ്ലാനില്‍ 24 ജി.ബി. ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കിയിരുന്നു. എന്നാല്‍, പ്ലാന്‍ പുനഃക്രമീകരിച്ചതോടെ ഇന്റര്‍നെറ്റ് ഡേറ്റ ഒഴിവാക്കി.
വോയിസ് കോളുകള്‍ക്കും എസ്.എം.എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാവുന്ന സൗകര്യം ഉപയോക്താക്കള്‍ക്ക് നല്‍കണമെന്ന് ട്രായ് നേരത്തെ ടെലികോം കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. ഫീച്ചര്‍ ഫോണുപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നില്ല. അവര്‍ക്കാവശ്യമില്ലാത്ത സേവനത്തിന് നിലവില്‍ പണം നല്‍കേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സേവനത്തിനു മാത്രമായി റീച്ചാര്‍ജ് സൗകര്യമൊരുക്കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിര്‍ദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവിറക്കുകയും ചെയ്തു.
രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജി കണക്ഷന്‍ ഉപയോഗിക്കുന്നു. ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാറില്ല. എന്നാല്‍, മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ പ്ലാനില്‍ ഡേറ്റ കൂടി ഉള്‍പ്പെടുന്നതിനാല്‍ അതിന്റെ പണംകൂടി നല്‍കേണ്ടിവരുന്നതായി ട്രായ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി. ഇതനുസരിച്ച് ടെലികോം കമ്പനികള്‍ നിലവിലുള്ള റീച്ചാര്‍ജ് വൗച്ചറുകള്‍ക്കൊപ്പം കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും മാത്രമായി റീച്ചാര്‍ജിന് സൗകര്യം നല്‍കണമെന്നാണ് ഉത്തരവ്. പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉള്‍പ്പെടുത്താനും ഇതോടൊപ്പം നിര്‍ദേശിച്ചിരുന്നു. 2 ജി സേവനം ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇരട്ട സിം ഉപയോഗിക്കുന്നവര്‍ക്കും ഗുണകരമാകുന്നതാണ് ട്രായിയുടെ പുതിയ ഉത്തരവ്.